
ന്യൂയോർക്ക്: അമേരിക്കയിൽ നിന്ന് കയ്യാമവും ചങ്ങലയും ഇട്ട് നാടുകടത്തുന്നവരുടെ ദൃശ്യങ്ങൾ ആഘോഷമാക്കി ട്രംപ് ഭരണകൂടം. വിലങ്ങും ചങ്ങലയും ഇടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ട യു എസ്, അനധികൃത കുടിയേറ്റക്കാർ ഒഴിഞ്ഞു പോകാൻ ആഗോള പ്രചാരണത്തിനും തുടക്കം കുറിച്ചു. നാടുകടത്തിയവരുമായി ഇന്ത്യയിലേക്ക് ഇനിയും നിരവധി സൈനിക വിമാനങ്ങൾ എത്താനാണ് സാധ്യതയെന്ന് ഉന്നത വ്യത്തങ്ങൾ പറഞ്ഞു.
ഇന്ത്യയിലേക്കടക്കം നാടുകടത്തുന്നവരുടെ 41 സെക്കൻഡ് വീഡിയോ ആണ് വൈറ്റ് ഹൈസ് ഇന്ന് പുറത്തു വിട്ടത്. ചങ്ങലിയിട്ട് ബന്ധിപ്പിച്ച ശേഷം വിമാനത്തിൽ കയറ്റുന്നതിൻറെ ദൃശ്യങ്ങൾക്ക് Illegal Alien Deportation Flight എന്ന ശീർഷകമാണ് നൽകിയിരിക്കുന്നത്. വൈറ്റ് ഹൗസ് പങ്കു വച്ച വീഡിയോ ഹഹ വൗ എന്ന് കുറിച്ച് ഇലോൺ മസ്ക് റീട്വീറ്റ് ചെയ്തു. ഇപ്പോൾ ഒഴിഞ്ഞു പോകാത്ത അനധിതൃത കുടിയേറ്റക്കാർ പിടിക്കപ്പെട്ടാൽ ഇനിയൊരിക്കലും യു എസിൽ തിരികെ കയറാൻ കഴിയാത്ത വിലക്ക് നേരിടേണ്ടി വരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റത്തിനും മനുഷ്യകടത്തിനും എതിരെയുള്ള ആഗോള പ്രചാരണത്തിനും അമേരിക്ക തുടക്കം കുറിച്ചു.
പ്രസിഡന്‍റ് ട്രംപിന്‍റെയും ഇലോൺ മസ്കിന്‍റെയും ഈ രാഷ്ട്രീയകളിക്ക് ഇന്ത്യ എന്തിന് കൂട്ടു നില്ക്കണം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇതിനകം മൂന്ന് അമേരിക്കൻ സൈനിക വിമാനങ്ങളിലാണ് നാടുകടത്തിയവരെ വിലങ്ങും ചങ്ങലയും ഇട്ട് തിരിച്ചെത്തിച്ചത്. ഇനിയും നിരവധി അമേരിക്കൻ വിമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യം അഞ്ഞൂറോളം പേരുടെ പട്ടികയാണ് അമേരിക്ക നൽകിയതെങ്കിലും ഈ സംഖ്യ ഉയരും എന്നാണ് സൂചന. വരും മാസങ്ങളിലും മുന്നോ നാലോ അമേരിക്കൻ വിമാനങ്ങൾ വീതം പ്രതീക്ഷിക്കാം എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ താൽക്കാലിക കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ കോസ്റ്റാറിക്ക സമ്മതം അറിയിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയിൽ എത്തുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്നും എന്നാൽ പ്രത്യേക വിമാനങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി