
ഇടുക്കി: കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ് മൂന്നാറിലും. വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ മൂന്നാർ കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ നിർമ്മിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവ്വീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി ഡബിൾ ഡക്കർ വരുന്നത്.
ബസിന്‍റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ്സ് പാനലുകൾ ടൂറിസ്റ്റുകൾക്ക് തേയില തോട്ടങ്ങളുടേയും കോടമഞ്ഞിന്റെയും മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് സഹായകമാവും. ബസിന്‍റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കി.
ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസിലുണ്ട്. യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ചാർജിംഗ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്.
ശനിയാഴ്‌ച രാവിലെ 11 മണിക്ക് മൂന്നാർ കെഎസ്ആർ.ടിസി ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്‌ത് ഉദ്ഘാടനം നിർവ്വഹിക്കും. ദേവികുളം എംഎൽഎ അഡ്വ എ രാജ അദ്ധ്യക്ഷത വഹിക്കും.