
'ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി' എന്ന് പറയാറുണ്ട്. നാളെയാണ് ഈ വർഷത്തെ ശിവരാത്രി. ശിവരാത്രിയിൽ പ്രധാനം വ്രതമെടുക്കലും ഉറക്കമൊഴിക്കലും തന്നെയാണ്. ശിവരാത്രിയുമായി ബന്ധപ്പെട്ട് അനേകം ഐതീഹ്യങ്ങളുണ്ട്.
പാലാഴിമഥനത്തിന്റെ സമയത്ത് മഹാദേവൻ അതിലുയർന്നുവന്ന കാളകൂടവിഷം കഴിച്ചുവെന്നും അതിനെ തുടർന്ന് മഹാദേവന് ആപത്തൊന്നും വരാതിരിക്കാനായി പാർവതി ദേവി ഉറങ്ങാതെ പ്രാർത്ഥിച്ച ദിവസത്തിന്റെ ഓർമ്മയാണ് ശിവരാത്രി എന്ന് പറയാറുണ്ട്. ഈ ലോകത്തെ നാശത്തിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി ശിവൻ കാളകൂടം വിഷം കഴിച്ച രാത്രി തന്നെയാണ് ശിവരാത്രി എന്നും പറയുന്നു.
ശിവരാത്രി ദിവസം ഉറങ്ങാതിരിക്കുക, വ്രതം നോക്കുക എന്നതെല്ലാം ശിവരാത്രിയുമായി ബന്ധപ്പെട്ട് ആളുകൾ അനുഷ്ഠിക്കുന്ന പ്രധാന കാര്യങ്ങളാണ്. പാർവതി ദേവിയും ശിവനും ഉറങ്ങാതിരുന്ന ആ രാത്രിയിൽ ഉറങ്ങാതിരിക്കുകയും രാവും പകലും വ്രതം നോൽക്കുകയും ചെയ്താൽ ഐശ്വര്യമുണ്ടാവുമെന്നും ശിവന്റെ വാത്സല്യത്തിന് പാത്രമാവും എന്നുമാണ് വിശ്വാസം. നിരവധിപ്പേർ ഇന്ന് ശിവരാത്രി വ്രതം നോൽക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യാറുണ്ട്.
ശിവരാത്രി വ്രതം തന്നെയാണ് ശിവരാത്രി ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണ തലേദിവസം ഒരിക്കലെടുത്ത് വ്രതമെടുക്കാറാണ് പതിവ്. പൂർണമായും ആഹാരം ഒഴിവാക്കുന്നവരുണ്ട്. അതേസമയം അമ്പലത്തിൽ നിന്നും കിട്ടുന്ന നേദ്യവും കരിക്കിൻ വെള്ളവുമൊന്നും വ്രതം ലംഘിക്കാൻ കാരണമാകില്ല എന്നും പറയുന്നു. അതുപോലെ, വ്രതം കൊണ്ടായില്ല. പൂർണമായും ഉറക്കം ഒഴിയണമെന്നും പറയുന്നു. ശിവക്ഷേത്രദർശനം കൂടി നടത്തിയാലെ ഇതെല്ലാം പൂർണമാവൂ.
അതുപോലെ തന്നെ, ശിവരാത്രി ദിവസത്തിലെ ബലി തർപ്പണത്തിന് വലിയ പ്രാധാന്യം ഹിന്ദുമതത്തിലുണ്ട്. മരിച്ചുപോയ പൂർവികരുടെ ആത്മാവിന്റെ മോക്ഷത്തിന് വേണ്ടിയും അവരുടെ അനുഗ്രഹത്തിന് വേണ്ടിയും അന്നേദിവസം ബലിയിടാൻ തെരഞ്ഞെടുക്കുന്നവർ അനേകങ്ങളാണ്.