ഒമാനിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസി തൊഴിലാളികൾക്ക് പിഴയടക്കാതെ കരാർ പുതുക്കാൻ അവസരമൊരുക്കി തൊഴിൽ മന്ത്രാലയം. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴയില്ലാതെ തൊഴിൽ കരാർ റദ്ദാക്കി രാജ്യം വിടുന്നതിനും സൗകര്യമുണ്ട്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് മാതൃകയിലാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്.
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തിൽ ജോലി ചെയ്യാനും പിഴയില്ലാതെ കരാർ റദ്ദാക്കി മടങ്ങാനും ആഗ്രഹിക്കുന്നവർക്കും അവസരം തുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ജൂലൈ 31 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്.
ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകൾ ഒഴിവാക്കി നൽകും. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് തുടരാൻ ഉദ്ദേശിക്കുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി വീണ്ടും രണ്ട് വർഷത്തേക്ക് ഒമാനിൽ തൊഴിലെടുക്കാനാകും. എന്നാൽ, തൊഴിലുടമ തൊഴിലാളിയുടെ പെർമിറ്റ് പുതുക്കി നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നൽകാനും സൗകര്യമുണ്ട്. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.