റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. ഞായറാഴ്‌ചയോടെ റഹീമിനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സൗദിയിലെ പൊതു പ്രവര്‍ത്തകര്‍ക്കുണ്ട്. അവരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ റഹിം.

തിരുവനന്തപുരം: മകന്‍ ചെയ്‌ത ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണു അഫാന്റെ പിതാവ് റഹീം. ദമ്മാമിലുള്ള റഹീമിനു പക്ഷേ നാട്ടിലേക്ക് ഉടന്‍ വരാന്‍ കഴിയില്ല. മുത്തമകന്റെ ക്രൂരതയില്‍ മരിച്ച ഇളയ മകനെ അവസാനമായി ഒരു നോക്ക് കാണാനും റഹീമിന് കഴിഞ്ഞില്ല.
മകന്റെ ക്രൂരതയില്‍ ഉമ്മയും സഹോദരനും സഹോദര ഭാര്യയും മരിച്ചെന്ന വിവരവും റഹിമിനെ തളര്‍ത്തിയിട്ടുണ്ട്. സൗദിയില്‍ ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ് റഹീം. യാത്രാ വിലക്കുണ്ട്. രണ്ടരവര്‍ഷത്തോളമായി റഹീമിന് നാട്ടിലെത്താന്‍ കഴിയുന്നില്ല.
കടങ്ങള്‍ തീര്‍ത്ത് നാട്ടിലേക്ക് വരാനുള്ള നെട്ടോട്ടത്തിലായിരുന്നു റഹീം. അതിനിടെയാണ് നടുക്കുന്ന വാര്‍ത്ത എത്തിയത്. സ്‌ഥലം എം.എല്‍.എയായ ഡി.കെ. മുരളിയുടെ നേതൃത്വത്തില്‍ റഹീമിനെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. റഹീമിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എം.എല്‍.എ. പറഞ്ഞിരുന്നു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാല്‍ യാത്രാവിലക്കുണ്ടെന്ന് റഹീം അറിയിച്ചു.
റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്നും ഡി.കെ. മുരളി പറഞ്ഞു. ഞായറാഴ്‌ചയോടെ റഹീമിനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സൗദിയിലെ പൊതു പ്രവര്‍ത്തകര്‍ക്കുണ്ട്. അവരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ റഹിം.
വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ ചുറ്റികയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ അക്രമവാസനയുള്ള ആളായിരുന്നില്ലെന്നാണു ഡി.കെ. മുരളി എം.എല്‍.എ. പറഞ്ഞത്. മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിച്ചതായാണു വിവരം. മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞതായും എം.എല്‍.എ. വെളിപ്പെടുത്തി.