''തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നു, ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും '' ; കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍

''തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നു, ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും '' ; കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍


ദില്ലി; ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു.ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുള്‍പ്പെടെ പരാജയപ്പെട്ടപ്പോള്‍ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്.

അതേസമയം, ദില്ലിയുടെ അധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍. ആംആദ്മി പാര്‍ട്ടിയെ കടത്തി വെട്ടുന്ന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും, മധ്യവര്‍ഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്കായി രാജ്യ തലസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നത്.

27 വര്‍ഷത്തിനപ്പുറമാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ദില്ലി ഭരണവും ഇനി കൈപ്പിടിയില്‍. ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും നേടിയത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നല്ല തുടക്കമായി ബിജെപി കണ്ടു. പ്രാദേശിക നേതൃത്വത്തില്‍ നിന്ന് ദില്ലിയുടെ കടിഞ്ഞാണ്‍ മോദിയും അമിത് ഷായും തന്നെ ഏറ്റെടുത്തു. ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജരിവാളിനെതിരെ മദ്യ നയ അഴിമതി തലങ്ങും വിലങ്ങും വീശി. അഴിമതിയുടെ അടയാളമായി കെജ്രിവാള്‍ കഴിഞ്ഞ ഔദ്യോഗിക വസതിയെ ഉയര്‍ത്തിക്കാട്ടി. ശീഷ് മഹല്‍ അഥവാ സ്ഫടിക കൊട്ടാരത്തിലെ തമ്പുരാന്‍ എന്ന ആരോപണം കെജരിവാളിനെതിരെ ശക്തമാക്കി. ദില്ലി തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാര്‍ലമെന്റില്‍ പോലും ശീഷ് മഹല്‍ ആരോപണം ഉയര്‍ത്തി കെജ്രിവാളിനെ വരിഞ്ഞു മുറുക്കി.