
കൽപ്പറ്റ: മുണ്ടക്കയം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി, കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ നിന്ന് എല്ലാത്തരത്തിലും സർക്കാർ പിന്മാറിയിരിക്കുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. അന്ന് പ്രഖ്യാപിച്ച ഒന്നിനെക്കുറിച്ചും ഇന്ന് സർക്കാരിന് മിണ്ടാട്ടമില്ല. ചൂരൽമല മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ജീവൻ ഇല്ലാത്തവരോട് സംസാരിക്കുന്നതിനു തുല്യമാണെന്നും എംഎൽഎ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപിച്ച കാര്യങ്ങളിൽ നിന്നെല്ലാം സർക്കാർ പിന്നോട്ട് പോയി. ഇപ്പോൾ ദുരിതബാധിതർ പെരുവഴിയിൽ ആയ പോലെയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ കൽപ്പില്ലെങ്കിൽ അത് പൊതുസമൂഹം മുമ്പാകെ തുറന്നു പറഞ്ഞു പിൻമാറിയിൽ എത്രയോ ഭംഗിയായി സന്നദ്ധ സംഘടനകൾ അക്കാര്യം ചെയ്തു തരും എന്നും എംഎൽഎ പറഞ്ഞു. ദുരന്തം സംബന്ധിച്ച് എല്ലാതരത്തിലുള്ള കണക്കുകളും സർക്കാരിന്‍റെ കൈവശം ഇപ്പോഴുണ്ട്. എന്നാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ചികിത്സയടക്കം പ്രതിസന്ധിയിലേക്ക് പോകുകയാണ്. സംഘടനകളുടെ കാരുണ്യം ഇല്ലെങ്കിൽ പലർക്കും പിടിച്ചുനിൽക്കാൻ കഴിയാതെ വരും.
ദുരന്തബാധിതരോട് ചർച്ച ചെയ്യാതെയാണ് അഞ്ച് സെന്റിൽ വീട് വെച്ച് നൽകാമെന്ന് സർക്കാർ പറയുന്നത്. ഇത് എന്ത് തരത്തിലുള്ള പുനരധിവാസമാണെന്ന് മനസ്സിലാകുന്നില്ല. ഇരകളാക്കപ്പെട്ടവരോട് ചർച്ച ചെയ്യാതെ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളോട് ഒരുതരത്തിലും സഹകരിക്കില്ലെന്നും എംഎൽഎ പറഞ്ഞു. സർക്കാരിൻറെ തെറ്റായ സമീപനങ്ങൾക്ക് എതിരെ 27ന് വൈകുന്നേരം കളക്ടറേറ്റ് പടിക്കൽ എംഎൽഎയുടെ നേതൃത്വത്തിൽ രാപ്പകൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു.