ടേക്ക് ഓഫിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് കാണാതായി, പിന്നെ കണ്ടത് ദേശീയപാതയിൽ ബസിലേക്ക് ഇടിച്ച് കയറുന്നത്

സാവോപോളോ: തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തി ചെറുവിമാനം ഇടിച്ച് കയറിയത് ബസിലേക്ക്. രണ്ട് പേർക്ക് ദാരുണാന്ത്യം. അഗ്നിബാധയിൽ നിരവധിപ്പേർക്ക് പരിക്ക്. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. തെക്കൻ ബ്രസീലിലെ ദേശീയ പാതയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ചെറുവിമാനം നിയന്ത്രണം നഷ്ടമായി റോഡിലേക്ക് ഇടിച്ച് ഇറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പൈലറ്റും കോ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
നിരവധി വാഹനങ്ങൾ റോഡിലുണ്ടായിരുന്ന സമയത്തായിരുന്നു വിമാനം റോഡിലേക്ക് പതിച്ചത്. അഗ്നിഗോളമായ വിമാനം മുൻപിലുണ്ടായിരുന്ന ബസിലേക്കും സമീപത്തെ ചെറുവാഹനങ്ങളിലേക്കും ഇടിച്ച് കയറി. പോർട്ടോ അലെഗ്രെയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡേ ഡോ സൂളിലാണ് പോർട്ടോ അലെഗ്രെ.
വിമാനത്തിന്റെ ഇന്ധന ടാങ്ക് ബസിലേക്കാണ് ഇടിച്ച് കയറിയത്. പോർട്ടോ സെഗൂരോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായ വിമാനം റോഡിലേക്ക് പതിച്ചതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ് 90 കിംഗ് എയർ ഇരട്ട എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്.