വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഫര്‍സാനയുടെ മൃതദേഹം കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. കൊല്ലപ്പെട്ട മറ്റ് നാല് പേരുടെ പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയായി. അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്.
എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. കേസില്‍ നിലവില്‍ ഒന്നും പറയാറായിട്ടില്ലെന്ന് ഐജി ശ്യാം സുന്ദര്‍ പറഞ്ഞു.
എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവില്‍ പറയാന്‍ ആകില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കില്‍ പരിശോധന ഫലം വരണമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ പ്രതി ആശുപത്രിയില്‍ ആയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആയിട്ടില്ല എന്ന കാര്യവും ഐജി വ്യക്തമാക്കി.
അതേസമയം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ മൊഴി നല്‍കിയിരുന്നു. ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാന്‍ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.
”ഞാന്‍ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചു.ഉമ്മ മരിച്ചില്ല.തുടര്‍ന്ന് വെഞ്ഞാറമൂട് എത്തി ഹാമര്‍ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു.തുടര്‍ന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തി. പണം ആവശ്യമായി വന്നപ്പോള്‍ അമ്മൂമ്മ മാല ചോദിച്ചിട്ട് നല്‍കിയില്ല.”- പ്രതി പറഞ്ഞു.
അച്ഛന്റെ സഹോദരന്‍ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിച്ചില്ലെന്നും അഫാന്‍ മൊഴിയില്‍ പറയുന്നുണ്ട്. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടില്‍ എത്തിച്ചു കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. താന്‍ മരിക്കാന്‍ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ പറയുവാന്‍ തോന്നിയതെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഫ്‌നാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.