ഇരട്ടമുഖ അഗ്നിപർവതം ഏത് നിമിഷവും തീ തുപ്പും; വിമാനങ്ങൾ റദ്ദാക്കുന്നു, ബാലി യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇരട്ടമുഖ അഗ്നിപർവതം ഏത് നിമിഷവും തീ തുപ്പും; വിമാനങ്ങൾ റദ്ദാക്കുന്നു, ബാലി യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം


ജക്കാർത്ത: ഇന്തോനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം ലെവോടോബി ലാകി-ലാകി ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം സമ്മർദ്ദത്തിലാകുന്നതിന്റെ സൂചനകൾ ലഭിച്ചതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലിയിലേക്കുള്ള വിമാന സർവീസുകളിൽ പലതും കഴിഞ്ഞ ദിവസം തന്നെ നിർത്തലാക്കിയിരുന്നു. കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. അ​ഗ്നിപർവതം പുകയുന്നതിന്റെ പശ്ചാത്തലത്തിൽ ബാലിയിലേയ്ക്ക് വരുന്ന വിനോദ സഞ്ചാരികൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

വിനോദ സഞ്ചാരികളടക്കം ഏറെയെത്തുന്ന ഫ്ലോറസ് ദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഫ്ലോറസ് ദ്വീപിന്റെ തെക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഇരട്ട അഗ്നിമുഖമുള്ള അഗ്നിപർവതമാണ് ലെവാടോബി. അഗ്നിപർവതത്തിന്‍റെ ഒരു മുഖം ശാന്തമാണെങ്കിലും മറ്റൊരു മുഖമാണ് ക്ഷുഭിതമായി തുടരുന്നത്. ലെവോടോബി ലാകിലാകി സ്‌ഫോടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജാഗ്രതാ നില ലെവൽ മൂന്നിൽ നിന്നും നാലായി ഉയർത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ഈ അഗ്നിപർവതത്തിൽ നടന്ന സ്ഫോടനത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. 850 സജീവ അഗ്നിപർവതങ്ങൾ ഉള്ള ഇവിടെ ഭൂചലനങ്ങളും പതിവാണ്.