മുണ്ടക്കൈ- ചൂരല്‍മല പുനര്‍നിര്‍മ്മാണം: കേന്ദ്ര വായ്പയുടെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടന്‍

മുണ്ടക്കൈ- ചൂരല്‍മല പുനര്‍നിര്‍മ്മാണം: കേന്ദ്ര വായ്പയുടെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടന്‍



വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ചര്‍ച്ചചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേരും. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും ചര്‍ച്ചചെയ്യും. പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണിക്കുന്നുണ്ട്. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് വകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേരുന്നത്. രണ്ട് ദിവസത്തിനകം യോഗം വിളിക്കാനാണ് നിര്‍ദേശം.

പുനര്‍ നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണ വകുപ്പുകളുടെ സെക്രട്ടറിമാരാണ് യോഗം ചേരുക. ധനകാര്യ വകുപ്പിന്റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ നേതൃത്വത്തിലുളള യോഗത്തില്‍ പൊതുമരാമത്ത്, റവന്യു,ജല വിഭവം, പൊതുവിദ്യാഭ്യസ വകുപ്പുകളുടെ സെക്രട്ടറിമാരാകും പങ്കെടുക്കുക. വായ്പാ തുക ഉപയോഗിച്ച് എങ്ങനെ പദ്ധതികള്‍ പൂര്‍ത്തിയാക്കാം, കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ നിന്ന് എങ്ങനെ പ്രവര്‍ത്തിക്കാം, സമയപരിധിയില്‍ ഇളവ് നേടാന്‍ കേന്ദ്രത്തെ സമീപിക്കണോ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ആലോചിക്കും. സെക്രട്ടറി തല യോഗത്തിലെ നിര്‍ദേശങ്ങള്‍ മന്ത്രിമാരും അവലോകനം ചെയ്യുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.