@noorul ameen

മട്ടന്നൂർ : ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി കണ്ണൂര്‍ വിമാനത്താവളംവഴി പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം 4105 പേരാണ് ഇതിനകം കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തത്. അവസാന പട്ടികയാകുന്‌പോഴേക്കും 4,500 ആകാമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2023-ലാണ് കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായത്. ആ വര്‍ഷം 2,030 പേര്‍ പുറപ്പെട്ടു. 2024-ല്‍ 3,218 ആയി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കുപുറമെ കര്‍ണാടകയിലെ മൈസൂരു, കുടക് മേഖലയില്‍നിന്നുള്ളവരും കണ്ണൂരിനെ ആശ്രയിക്കുന്നു.
വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസ് യാഥാര്‍ഥ്യമാകുന്നതോടെ ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കുമെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷവും വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയത്. ഇതിന് വലിയ തുക ചെലവഴിക്കേണ്ടിവന്നു. കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുമെന്ന് ആദ്യ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയതോടെ ഉറപ്പ് യാഥാര്‍ഥ്യമാകുകയാണ്. കിന്‍ഫ്രയുടെ ഒരേക്കറോളമാണ് ഹജ്ജ്ഹൗസ് നിര്‍മിക്കാന്‍ കണ്ടെത്തിയത്. ഭൂമികൈമാറ്റ നടപടി പുരോഗമിക്കുകയാണ്. ഹജ്ജ് ആവശ്യങ്ങള്‍ക്കുപുറമെ കോണ്‍ഫറന്‍സ് ഹാള്‍ കൂടി ലക്ഷ്യമിട്ടാണ് ഹജ്ജ് ഹൗസ് നിര്‍മിക്കുകയെന്നും 2026-ലെ ഹജ്ജ് കര്‍മത്തിനുമുമ്പ് യാഥാര്‍ഥ്യമാകുമെന്നും ഹുസൈന്‍ സഖാഫി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി.മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ അരിഞ്ചിറ, ഒ.വി.ജയഫര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.