കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയ ഫോറൻസിക് സർജനെ തള്ളി സിബിഐ. കുട്ടികൾ മനോവിഷമത്താൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് സിബിഐയുടെ നിലപാട്. 129 സെന്റിമീറ്റർ ഉയരമുള്ള രണ്ടാമത്തെ പെൺകുട്ടിക്ക് ഉത്തരത്തിൽ കുടുക്കിടാൻ സാധിക്കുമെന്നും സിബിഐ കുറ്റപത്രത്തിൽ പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ കാര്യമായ അപാകതകളുണ്ടെന്നും സത്യം തെളിയാന്‍ സിബിഐ വരണമെന്നുമുള്ള ആവശ്യമുന്നയിച്ച് ആദ്യം മുന്നോട്ടുവന്നത് കുട്ടികളുടെ അമ്മയായിരുന്നു. എന്നാല്‍ പൊലീസ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് സിബിഐ കുറ്റപത്രത്തിലും കാണുന്നത്. കൂടാതെ കുട്ടികളുടെ അമ്മയടക്കം പ്രതിയായ രീതിയിലുള്ള ചിത്രീകരണമാണ് കുറ്റപത്രത്തിന്റെ ഉള്ളടക്കവും.

2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്‍റ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു.