
തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ സംസ്ഥാനത്തുടനീളമായി 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48,384 പേരാണ് തട്ടിപ്പിനിരയായത്. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലാകുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡേഷനും വഴിയും കോഡിനേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ അടക്കം നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തട്ടിപ്പില്‍ രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും ഒട്ടേറെ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരകളുടെ താല്‍പര്യത്തിനൊപ്പമാണ് സര്‍ക്കാരെന്നും നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുക തിരിച്ച് നല്‍കുന്ന കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്ന വരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. പാതിവില തട്ടിപ്പ് കേസില്‍ അടുത്തിടെ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അറസ്റ്റിലായിരുന്നു