കൊണ്ടോട്ടിക്കാരായ 2 പേർ, ഒരാൾ തിരൂരങ്ങാടിക്കാരൻ, കൽപ്പറ്റയിൽ കാറിലെത്തി പെട്ടു; കിട്ടിയത് ഹെറോയിനും കഞ്ചാവും


കൊണ്ടോട്ടിക്കാരായ 2 പേർ, ഒരാൾ തിരൂരങ്ങാടിക്കാരൻ, കൽപ്പറ്റയിൽ കാറിലെത്തി പെട്ടു; കിട്ടിയത് ഹെറോയിനും കഞ്ചാവും


കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ ഹെറോയിനും കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ എം. മുഹമ്മദ് ആഷിഖ്(31), ടി. ജംഷാദ്  (23), തിരൂരങ്ങാടി സ്വദേശി ടി. ഫായിസ് മുബഷിർ (30) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി  നടന്ന വാഹന പരിശോധനയിലാണ് ഇവരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.

മുഹമ്മദ് ആഷിഖ് നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് ആഷിഖിനെ 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി സിറ്റി പൊലീസ് സ്ഥലത്തെത്തി ഫോർമൽ അറസ്റ്റ് നടത്തി. കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.ടി യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശിവൻ, സജിത്ത് പി.സി, വിഷ്ണു കെ.കെ, അൻവർ സാദിഖ്, സുദീപ്. ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ.വി എന്നിവരും പങ്കെടുത്തു.

അതിനിടെ പറവൂരിൽ 1.25 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. നീലു ദ്വൈരി എന്നായാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.  പറവൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ ഇൻസ്പെക്ടറോടൊപ്പം അസ്സിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എസ്. ജയകുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ എൻ.എം.മഹേഷ്, പി.കെ. ശ്രീകുമാർ, സി.കെ. വിമൽ കുമാർ, ഡ്രൈവർ സജീവ് എന്നിവരും ഉണ്ടായിരുന്നു.