സുല്‍ത്താന്‍ ബത്തേരിയിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി

സുല്‍ത്താന്‍ ബത്തേരിയിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി



വയനാട് സുല്‍ത്താന്‍ ബത്തേരിയിൽ എം ഡി എം എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി കുമ്പഴ ഹരികൃഷ്ണനെയാണ് ലഹരിവിരുദ്ധ സക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

കാറില്‍ കർണാടകയിലെ ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. പാന്റിന്റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എം ഡി എം എയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.


അതിനിടെ, അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. പഞ്ചാബില്‍ വച്ചാണ് പൊലീസ് ഇവരെ അതിസാഹസികമായി പിടികൂട്ടിയത്. പിടികൂടിയ ശേഷം, ഇവരെ വിമാന മാര്‍ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളൂരുവില്‍ നിന്ന് എത്തിച്ച 221 ഗ്രാം എം ഡി എം എയുമായി കാരന്തൂരിലെ വി ആർ റസിഡന്‍സി ലോഡ്ജിൽ നിന്ന് ജനുവരിയിൽ രണ്ട് പേരെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയതാണ് ഇവരെ വലയിലാക്കുന്നതിലേക്ക് നയിച്ചത്.