ഷഹബാസ് വധം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പിതാവ്
കോഴിക്കോട്: കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഭയക്കുന്നുവെന്ന് താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാൽ. കുട്ടികളുടെ രക്ഷിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. പേടികൊണ്ടാണ് പലരും സത്യം പറയാത്തത്. നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്ബാൽ പറഞ്ഞു. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കരുത്. അതിനായി സർക്കാരും നീതിപീഠവും ഇടപെടണം. അതേസമയം, നിരപരാധികൾ കുടുങ്ങാൻ പാടില്ലെന്നും ഇക്ബാൽ പറഞ്ഞു.
കേസിൽ ഇതുവരെ ആറ് വിദ്യാർഥികളാണ് അറസ്റ്റിലായിട്ടുള്ളത്. വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.താമരശ്ശേരി പഴയ ബസ്റ്റാൻഡിൽ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനിടെ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോയി. ഇതോടെ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിച്ചു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും വിദ്യാർഥികളെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് എംജിഎം സ്കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് താമരശ്ശേരിയിലെത്തി.