മംഗളൂരുവിലെ ജയിലിൽ ഭക്ഷ്യവിഷബാധ; നിരവധി തടവുകാർ ആശുപത്രിയിൽ

മംഗളൂരുവിലെ ജയിലിൽ ഭക്ഷ്യവിഷബാധ; നിരവധി തടവുകാർ ആശുപത്രിയിൽ



കർണാടക മംഗളൂരുവിലെ ജയിലിൽ ഭക്ഷ്യവിഷബാധ. ജയിലിൽ നിന്ന് ഭക്ഷണം കഴിച്ച് അസുഖ ബാധിതരായ അന്തേവാസികളെ മംഗളൂരുവിലെ ജില്ലാ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 350 അന്തേവാസികളിൽ 45 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വ്യാഴാഴ്ച ഉച്ച ഭക്ഷണം കഴിച്ച ശേഷമാണ് വയറുവേദന, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ അന്തേവാസികൾക്ക് അനുഭവപ്പെട്ടത്. ഇതോടെ അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ഒരാൾ ഐസിയുവിലാണ്.

ALSO READ: ഒരേസമയം പ്രണയിച്ചത് രണ്ടുപേരെ; ഒരാളെ മരുന്ന് കുത്തിവച്ച് കൊക്കയിൽ തള്ളിയത് രണ്ടാമത്തെ കാമുകിയുടെയും സുഹ‍‍ൃത്തിന്റെയും സഹായത്തോടെ, അറസ്റ്റ്

ബുധനാഴ്‌ച രാവിലെ പ്രഭാത ഭക്ഷണമായി അവിലും ഉച്ചഭക്ഷണത്തിനായി ചോറും സാമ്പാറും ആയിരുന്നു നൽകിയത്. ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണം പരിശോധിച്ചു വരികയാണ്. ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ വിഷബാധയേറ്റിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ ആശുപത്രി സന്ദർശിച്ചു. 45 ലധികം തടവുകാർ നിലവിൽ ജയിലിന് പുറത്തായതിനാൽ സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ ജില്ലാ വെൻലോക്ക് ആശുപത്രിയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി ശിവമോഗ, ഉഡുപ്പി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും മംഗളൂരുവിലേക്ക് മാറ്റി. തടവുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഘട്ടം ഘട്ടമായി അവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.