മദ്യലഹരയിൽ മകൻ അമ്മയെ ശീമക്കൊന്നവടി കൊണ്ട് ക്രൂരമായി മർദിച്ചു, മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മദ്യലഹരയിൽ മകൻ അമ്മയെ ശീമക്കൊന്നവടി കൊണ്ട് ക്രൂരമായി മർദിച്ചു, മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്


തൃശൂർ: തൃശൂർ ദേശമംഗലത്ത് മദ്യലഹരയിൽ മകൻ അമ്മയെ ശീമക്കൊന്നയുടെ മരവടി കൊണ്ട് ക്രൂരമായി മർദിച്ചു. 70കാരിയായ ശാന്തക്കാണ് മർദ്ദനമേറ്റത്. മർദ്ദിച്ച മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശാന്തയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 വർഷം മുമ്പ് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്. 

ശനിയാഴ്ച രാവിലെ ദേശമംഗലം കൊണ്ടയൂരിൽ ഗ്യാസ് ഗോഡൗണിലെത്തിയ തൊഴിലാളികളാണ് വീട്ടുമുറ്റത്ത് വീണു കിടക്കുന്ന ശാന്തയെ കണ്ടത്. അടുത്തെത്തി വിവരം തിരക്കിയപ്പോഴാണ് മകൻ സുരേഷ് ഇന്നലെ രാത്രി മദ്യപിച്ചെത്തി ശീമക്കൊന്നയുടെ വടിയൊടിച്ച് ക്രൂരമായി തല്ലിച്ചതച്ച വിവരം അവർ പറയുന്നത്. കൈകളിലും കാലുകളിലുമാണ് അടിയേറ്റത്. തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയും ശാന്തയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

വീട്ടിലുണ്ടായിരുന്ന മകൻ സുരേഷിനെ കസ്റ്റഡിയിലെടുത്തു. ശാന്തയും സുരേഷും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ശാന്തയുടെ മറ്റൊരു മകനെ രണ്ടുകൊല്ലം മുമ്പ് സുരേഷ് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി കഴിയുകയാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. പ്രദേശത്ത് മറ്റ് വീടുകൾ ഇല്ലാത്തതിനാൽ വിവരം പുറത്തറിയാൻ വൈകി. മകൻ സുരേഷിനെതിരെ ചെറുതുരുത്തി പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശാന്ത അപകടനില തരണം ചെയ്തിട്ടുണ്ട്.