
ദില്ലി: ഉത്തരേന്ത്യയിലും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഈദ് ഗാഹ്കളിൽ പെരുന്നാൾ നമസ്ക്കാരം നടന്നു. ദില്ലി ജുമാ മസ്ജിദിൽ മലയാളികളടക്കം ആയിരങ്ങൾ പങ്കെടുത്തു. ജയ്പൂർ, രാജസ്ഥാൻ, ഡൽഹി റോഡിലുള്ള ഈദ്ഗാഹിൽ ഈദുൽ ഫിത്തർ ആഘോഷിക്കാൻ എത്തിയ മുസ്ലീങ്ങളുടെ മേൽ ഹിന്ദു മുസ്ലീം ഐക്യ സമിതിയുടെ പ്രതിനിധികൾ പുഷ്പവൃഷ്ടി നടത്തി.
രാവിലെ 7 മണിയോടെ ദില്ലി ജുമാ മസ്ജിദിലെ നമസ്ക്കാര ചടങ്ങുകള്‍ തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ഒരുമിച്ച് പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. നിരവധി മലയാളികളും ആരാധനയുടെ ഭാഗമായി. ദില്ലി കൂടാതെ യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈദ് നമസ്കാരം നടന്നു. യുപിയിലെ മൊറാദാബാദിൽ നമസ്കാരത്തിനെത്തിയവരെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. പ്രാർഥനകളിൽ പങ്കെടുക്കാനെത്തിയ അഖിലേഷ് യാദവിന്റെ വാഹനം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. അതേസമയം വർഗീയവാദികളുടെ വലയിൽ വീഴാതെ ഒരുമയ്ക്കായി നിലകൊള്ളണമെന്ന് കൊൽക്കത്തയിലെ ഈദ് പ്രാർഥനകളിൽ പങ്കെടുക്കവെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പെരുന്നാൾ സമൂഹത്തിൽ പ്രത്യാശയുടെയും ഐക്യത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.