
മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്രതി പിടിയില്‍. മായം കലര്‍ന്ന 27 കിലോ തേയിലയാണ് പിടിച്ചെടുത്തത്. മലപ്പുറം കല്‍പകഞ്ചേരിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വളാഞ്ചേരി വെങ്ങാട് സ്വദേശി ഹാരിസാണ് പിടിയിലായത്.
തിരൂര്‍ ഭക്ഷ്യ സുരക്ഷാ വ കുപ്പ് ഓഫിസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി വെങ്ങാട് സ്വദേശിയായ യുവാവ് ഓട്ടോയില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്നതിനിടെ ചായപ്പൊടി കടുങ്ങാത്തുകുണ്ടില്‍ വച്ച് പിടികൂടിയത്. കോയമ്ബത്തൂരില്‍ നിന്നാണ് തേയില എത്തിച്ചതെന്നും ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് മലപ്പുറത്ത് എത്തിയതെന്നും ഹാരിസ് മൊഴി നല്‍കി.
ഇതിനു മുമ്പും ഇയാള്‍ മായം കലര്‍ന്ന തേയില വിതരണം ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വെങ്ങാട് നിന്ന് നേരത്തെയും മായം കലര്‍ന്ന ചായപ്പൊടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു. തുച്ച വിലക്കാണ് മായം ചേര്‍ത്ത ചായപ്പൊടിയുടെ വില്‍പന. പരിശോധന ഫലം വന്ന ശേഷം ഹാരിസിനെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര അറിയിച്ചു.
വേങ്ങൂരിലായിരുന്നു നേരത്തെ മായം കലര്‍ന്ന ചായപ്പൊടി പിടിച്ചത്. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു. തട്ടുകടകളിലെ ചായയുടെ നിറത്തിലും കടുപ്പത്തിലുമുള്ള വ്യത്യാസം ശ്രദ്ധയിൽപെട്ടാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അന്വേഷണം തുടങ്ങിയത്.
തട്ടുകടക്കാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ചായപ്പൊടി വിൽപ്പനക്കാരനായ വേങ്ങര സ്വദേശി അനസ്സിനെ പിടികൂടി. ഇയാളിൽ നിന്ന് 50 കിലോ ചായപ്പൊടിയും പിടിച്ചെടുത്തു. അനസ്സിന് ചായപ്പൊടി നൽകുന്ന വേങ്ങാട് സ്വദേശി ആഷിക്കിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് ചായപ്പൊടികൾ കണ്ടെത്തി. യന്ത്ര സാമഗ്രികൾ ഉപയോഗിച്ചാണ് ഇയാൾ ചായപ്പൊടിയിൽ മായം ചേർത്തിരുന്നത്. ബ്രാൻഡഡ് ചായപ്പൊടികളുടെ പകുതി വിലയ്ക്കാണ് മായം ചേർത്ത ചായപ്പൊടികൾ വിറ്റിരുന്നത്.