പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശമാര്‍

പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശമാര്‍


തിരുവനന്തപുരം: സര്‍ക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍. എംജി റോഡില്‍ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. വിവിധ ജില്ലകളില്‍ നിന്നും പ്രകടനമായി ആശാവര്‍ക്കര്‍മാര്‍ എത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. പ്രധാന ഗേറ്റില്‍ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊടും ചൂടിനെ പോലും അവഗണിച്ചാണ് ആശാവര്‍ക്കര്‍മാര്‍ പ്രതിഷേധിക്കുന്നത്. സമരവേദിയില്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ച് രംഗത്ത് വന്നു. മുഖ്യമന്ത്രി കടുംപിടുത്തം അവസാനിപ്പിച്ച് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. കേരളത്തിലേത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ലെന്നും സമരം ചെയ്തല്ല ആവശ്യങ്ങള്‍ നേടേണ്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും യുദ്ധപ്രഖ്യാപനം നടത്തേണ്ടത് പാവം സ്ത്രീകളോടല്ല എന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടി നിശ്ചയിച്ചതിനെ വിമര്‍ശിച്ച് കെ.കെ. രമ എംഎല്‍എയും രംഗത്ത് വന്നു. ഇപ്പോള്‍ എവിടെ നിന്നുമാണ് പരിശീലനപരിപാടി വന്നതെന്ന് രമ ചോദിച്ചു.

കൊടും ചൂടിനെ അവഗണിച്ച് എംജി റോഡില്‍ നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍. വിജയം കാണും വരെ പിന്നോട്ടില്ലെന്ന് ആശമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച പരിശീലന പരിപാടി ബഹിഷ്‌ക്കരിച്ചു. അതേ സമയം, ആശമാരുടെ സമരത്തെ അവഗണിക്കുന്നത് തുടരുകയാണ് എല്‍ഡിഎഫ്. സമരം അവസാനിപ്പിക്കാന്‍ ആശമാര്‍ തന്നെ വിചാരിക്കണം എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്ന ആക്ഷേപം ടി.പി. രാമകൃഷ്ണനും നടത്തി. സമരം തീര്‍ക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ട്. പക്ഷേ കേന്ദ്രം ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങള്‍ ആശമാരെ ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവര്‍ തയാറാവുന്നില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.