പുതിയ വിപ്ലവത്തിന് തിരികൊളുത്തി നിതിൻ ഗഡ്‍കരി, ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം ആരംഭിച്ച് ടാറ്റ


പുതിയ വിപ്ലവത്തിന് തിരികൊളുത്തി നിതിൻ ഗഡ്‍കരി, ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം ആരംഭിച്ച് ടാറ്റ


രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഹെവി ട്രക്കുകളുടെ പരീക്ഷണം ആരംഭിച്ചു. സുസ്ഥിരവും ദീർഘദൂരവുമായ ഗതാഗതത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഹൈഡ്രജൻ ട്രക്കിന്റെ പരീക്ഷണം ഫ്ലാഗ് ഓഫ് ചെയ്തു.

ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ കീഴിൽ പുനരുപയോഗ ഊർജ്ജ മന്ത്രാലയം ധനസഹായം നൽകുന്ന ഈ പരീക്ഷണം, ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത വിലയിരുത്തുകയാണ് ലക്ഷ്യമിടുന്നത്. ഹൈഡ്രജൻ മൊബിലിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമാകുന്ന പദ്ധതിയുടെ ടെൻഡർ ടാറ്റ മോട്ടോഴ്‌സിനാണ് നൽകിയിരിക്കുന്നത്. 

വ്യത്യസ്ത കോൺഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള 16 ഹൈഡ്രജൻ ട്രക്കുകൾ  ഉൾപ്പെടുന്ന ഈ പരീക്ഷണം 24 മാസം നീണ്ടുനിൽക്കും. ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (H2-ICE), ഫ്യുവൽ സെൽ (H2-FCEV) സാങ്കേതികവിദ്യ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനങ്ങൾ മുംബൈ, പൂനെ, ദില്ലി-എൻസിആർ, സൂററ്റ്, വഡോദര, ജംഷഡ്‍പൂർ, കലിംഗനഗർ എന്നിവയുൾപ്പെടെയുള്ള പ്രധാന ചരക്ക് റൂട്ടുകളിൽ പരീക്ഷിക്കും. 

പരീക്ഷണ ഓട്ടത്തിൽ ഹൈഡ്രജൻ ഇന്ത്യയുടെ ഗതാഗത ബിസിനസിന് എത്രത്തോളം പ്രയോജനകരവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെടും. പുനരുപയോഗ ഊർജ്ജത്തിലൂടെ ഇന്ത്യയ്ക്ക് കാർബൺ ഉദ്‌വമനം കുറയ്ക്കാൻ മാത്രമല്ല, എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കുന്ന വിദേശനാണ്യ ശേഖരം ലാഭിക്കാനും കഴിയും എന്നത് വ്യക്തമാണ്. എന്നാൽ ഏറ്റവും വലിയ സഹായം മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതായിരിക്കും. അതിനായി ഹൈഡ്രജൻ ഒരു മികച്ച ബദലായി ഉയർന്നുവന്നിട്ടുണ്ട്.

എല്ലാ വർഷവും ഇന്ധന ഇറക്കുമതിക്കായി 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുവെന്നും മലിനീകരണവും ഒരു വലിയ പ്രശ്‍നമാണെന്നും പരീക്ഷണം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിലവിൽ 16 ഹൈഡ്രജൻ പവർ വാഹനങ്ങൾക്ക് പരീക്ഷണ അനുമതി നൽകിയിട്ടുണ്ടെന്നും ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

"ഹൈഡ്രജൻ കാരണം, ഇറക്കുമതി ചെയ്യുന്നതിന് പകരം ഊർജ്ജം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമായി നമ്മൾ മാറും. നമ്മൾ ഹരിത ഹൈഡ്രജൻ ഉണ്ടാക്കും. വൈക്കോലിൽ നിന്ന് ബയോ സിഎൻജി ഉണ്ടാക്കുന്നു. വൈക്കോലിന്റെ ജൈവോൽപ്പന്നത്തിൽ നിന്ന് മീഥെയിൻ നിർമ്മിക്കാം. അതിൽ നിന്ന് ഹൈഡ്രജനും നിർമ്മിക്കാം" നിതിൻ ഗഡ്‍കരി പറഞ്ഞു.