ലഹരിക്കണ്ണികളെ പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ് ;നൈജീരിയന്‍ സ്വദേശിയടക്കം രണ്ടു പേരെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി


ബത്തേരി: ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ (40), ത്രിപുര അഗാർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും ബാംഗ്ലൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്. ബാംഗളൂരിൽ ഇവർ താമസിക്കുന്ന ഫ്‌ലാറ്റിൽ നിന്നാ ണ് ബത്തേരി ഇൻസ്പെക്ടർ എസ്‌.എച്ച്.ഒ എൻ.പി. രാഘവൻ്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂട്ടു പ്രതിയായിരുന്ന് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ (25) ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം പിടി യിലായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇവരെല്ലാം ബംഗളൂരുവിലെ ഗവ.കോളേജിൽ ബിസിഎ വിദ്യാർഥികളാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ സംസ്ഥാനത്തേക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തി വരികയായിരുന്നു. ഇതിൻ്റെ ഭാഗമായി ഒരുപാട് പണമിടപാടുകളും നടത്തിയിട്ടുണ്ട്. 2025 ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ 93.84 ഗ്രാം എംഡിഎംഎയുമായി മലപ്പുറം, ചെറുമുക്ക് സ്വദേശി ഷഫീഖ് പിടിയിലായ സംഭവത്തിൽ തുടരന്വേഷണം നടത്തിയതിലാണ് ഇവരെല്ലാം വലയിലായത്. സംസ്ഥാനത്ത് ചില്ലറ വിൽപ്പന നടത്തുന്നതിനും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമായായിരുന്നു ഷഫീഖ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്.

ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർ എസ്. എച്ച്. ഓ എൻ.പിരാഘവൻ, സബ് ഇൻസ്പെക്ട‌ർമാരായ കെ.കെ സോബിൻ, അതുൽ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്