വിവിധ പരിപാടികളോടെ ലോക വനിതാ ദിനം ആഘോഷിച്ചു
...
ഇരിട്ടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ, സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തകരുന്ന യുവത്വം ഉണരട്ടെ മാതൃത്വം ' എന്ന സന്ദേശ പ്രചരണാർത്ഥം ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രധാനധ്യാപിക സിസിലി ജോസഫ് ലഹരി വിരുദ്ധ സന്ദേശ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ക്യാമ്പയനിന്റെ സമാപനം ആറളം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടന്നു. ക്യാമ്പയിനിന്റെ ഭാഗമായി എടൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ കേഡറ്റുകൾ തയ്യാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്തു. മയൂഖ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പയിൻ സമാപനം ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസ്സി മോൾ ഉദ്ഘാടനം ചെയ്തു. കേഡറ്റുകളുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിധികളെയും, ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് സ്‌കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നേതൃത്വം നൽകി.
കെ എസ് എസ് പി എ പേരാവൂർ നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പി. വി. അന്നമ്മ അധ്യക്ഷത വഹിച്ചു. കെ. സുപ്രിയ, നാരായണൻ മാസ്റ്റർ, കെ.ജി ഓമന, ഫിലോമിന കക്കട്ടിൽ,ജാൻസി തോമസ്, മേരി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ 'തകരരുത് യുവത്വം ഉണരണം മാതൃത്വം' എന്ന സന്ദേശത്തോടെ ഇരിട്ടി പഴയ സ്റ്റാൻഡിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനധ്യാപകൻ എം. പുരുഷോത്തമൻ, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോഷി സെബാസ്റ്റ്യൻ, എക്‌സൈസ് ഇൻസ്‌പെക്ടർ നെൽസൺ തോമസ്, ആശാവർക്കർ ഷൈനി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എം.സി. സുധീഷ്, ജൂനിയർ കേഡറ്റ് നസ നസ്രിൻ, സീനിയർ കേഡറ്റ് അവന്തിക പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ പി .എം. അഖില, പി .മനീഷ്, ശ്യാം സുന്ദർ എന്നിവർ നേതൃത്വം നൽകി.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കാക്കയങ്ങാട് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി .കെ. ചന്ദ്രൻ അധ്യക്ഷനായി. എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ പി. കെ. സജേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി. വിമല സി ഡി എസ് ചെയർപേഴ്‌സൺ എ. നയന, ജി ആർ സി കൗൺസിലർ എൻ. ആർ. സക്കീന തുടങ്ങിയവർ പങ്കെടുത്തു.
നടുവനാട് സമദർശിനി ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനവും, വനിതാ വേദിയുടെ സിൽവർ ജൂബിലി ആഘോഷവും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. ഡോ. കീർത്തി പ്രഭ ഉദ്ഘാടനം ചെയ്തു. സി .സുജാത അധ്യക്ഷവഹിച്ചു. എം .പി. ശ്രീന, കെ. സി. വിലാസിനി ടീച്ചർ, ഡോ. എം. ആർ .നളിനി, കെ. ശകുന്തള , പി .ഹസീന എന്നിവർ സംസാരിച്ചു.
കാവുംപടി സ്‌കൂളിൽ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ' ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ ലോകം 'എന്ന മുദ്രാവാക്യത്തോടുകൂടി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിത സാദിഖ് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.ബിജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം നസീമ ലഹരി വിരുദ്ധ സന്ദേശം നൽകി. കെ.വി. അലി, നാസർ ചോലയിൽ, ഷൈനി ബിജു എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റായ ആദി കിരൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി ടൗണിൽ അവസാനിപ്പിച്ചു.