
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരത്തും മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലും കോഴിക്കോടുമാണ് അപകടത്തിൽ നാലുപേർ മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ മതിലിൽ ഇടിച്ച് കയറിയാണ് യുവാവ് മരിച്ചത്. കഠിനംകുളം മരിയനാട് സ്വദേശി ക്രിസ്തുദാസാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുദാസിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് നിലവിൽ ചികിത്സയിലാണ്.
കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേരി സ്വദേശി ജസീൽ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കാവന്നൂർ സ്വദേശി ശഹബാസിന് ഗുരുതരമായി പരിക്കേറ്റു. കുന്നമംഗലം ഒൻപതാം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ആണ് അപകടത്തിൽ പെട്ടവർ. മൈസൂർ കോഴിക്കോട് ബസ് ആണ് ഇവരെ ഇടിച്ചത്.
മലപ്പുറം താനൂരിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് യാത്രികൻ മരിച്ചു. തിരൂർ സ്വദേശി വിജേഷ് ആണ് (30) മരിച്ചത്. ഡ്രൈവർ സുബിനെ പരിക്കുകളോടെ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കൊടുമുടി സ്വദേശി അബ്ദുൽ കരീമാണ് മരിച്ചത്. വെട്ടിച്ചിറ ഭാഗത്ത് നിന്ന് കൊടുമുടിയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടർ സർവീസ് റോഡിൽ നിന്ന് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.