രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് കാലുകുത്തിക്കില്ലെന്ന ഭീഷണി;ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് കാലുകുത്തിക്കില്ലെന്ന ഭീഷണി;ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി


 


പാലക്കാട്: ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയത്. പ്രശാന്തിനെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിന്റെ പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ സംഘര്‍ഷമുണ്ടായിരുന്നു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ച് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശേഷം നടന്ന യോഗത്തിലാണ് പ്രശാന്ത് ശിവന്‍ എംഎല്‍എയെ പാലക്കാട് കാല് കുത്തിക്കില്ലെന്ന പ്രസംഗം നടത്തിയത്.


ദേശീയവാദികള്‍ക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകള്‍ നടത്തിയാല്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന പാലക്കാട്ടെ എംഎല്‍എയ്ക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് എംഎല്‍എയെ ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ശിവന്‍ പറഞ്ഞത്. ഹെഡ്‌ഗേവാറിന്റെ പേരില്‍ തന്നെ കേന്ദ്രം തുടങ്ങുമെന്നും നഗരസഭയുടെ വികസനത്തെ തടയുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു.

കാല്‍ വെട്ടിക്കളയുമെന്നാണ് ഭീഷണിയെങ്കില്‍ കാല്‍ ഉളളിടത്തോളം കാല്‍ കുത്തിക്കൊണ്ടുതന്നെ ആര്‍എസ്എസിനെതിരെ സംസാരിക്കുമെന്നും കാല്‍ വെട്ടിക്കളഞ്ഞാലും ഉളള ഉടല്‍വെച്ച് ആര്‍എസ്എസിനെതിരെ സംസാരിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എത്ര ഭീഷണിപ്പെടുത്തിയാലും ആര്‍എസ്എസിനോടുളള എതിര്‍പ്പുകള്‍ പറയുക തന്നെ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പരിപാടി ആരംഭിക്കുന്നതിനു മുന്‍പേ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഇവരെ സ്ഥലത്തുനിന്ന് മാറ്റുന്നതിനിടെ ഡിവൈഎഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. പരിപാടി നടന്ന വേദി ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ശിലാഫലകം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായി തറക്കല്ലിട്ട ഭൂമിയില്‍ വാഴ നട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്