ഇരിട്ടി പയഞ്ചേരി മുക്കിലെ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചു
ഇരിട്ടി: ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന
ഇരിട്ടി പയഞ്ചേരി മുക്കിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചു. നാലുദിവസം മുൻപാണ് സിഗ്നൽ ലൈറ്റുകൾ തെളിയാതായത്. തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാനപാതയും, ഇരിട്ടി വയനാട് പാതയും ഒന്ന് ചേരുന്ന ഏറെ തിരക്കുള്ള കവലയിൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമായതോടെ അപകടകരമാം വിധം തലങ്ങും വിലങ്ങും ഓടുകയാണ് വാഹനങ്ങൾ. സിഗ്നൽ സ്ഥാപിക്കുന്നതിന് മുൻപ് നിരവധി അപകടങ്ങൾ നടന്ന കവലയാണ് ഇവിടം. എന്നാൽ സിഗ്നലൈറ്റുകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ വളരെ വിരളമാകുകയായിരുന്നു. ഇവിടെ സ്ഥിരമായി അനുഭവപ്പെടാറുള്ള ഗതാഗതക്കുരുക്കും ഒഴിവായിരുന്നു. നാലു ദിവസത്തോളമായി സിഗ്നൽ സംവിധാനം കണ്ണടച്ചു കിടക്കാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും വർധിക്കുകയാണ്. ഇതോടെ കാൽനടയാത്രക്കാരും റോഡ് മുറിച്ച് കടക്കാൻ കഴിയാതെ അപകാ ഭീഷണി നേരിടുകയാണ്. പോലീസും നിയന്ത്രണത്തിനപ്പുറത്തേക്കു പോകുന്ന തിരക്കിൽ പ്രയാസപ്പെടുകയാണ്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് സിഗ്നൽ ലൈറ്റുകൾ അറ്റകുറ്റപ്രവർത്തി നടത്തി തെളിയിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വാഹനം ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.