മൊക്കാഡം ടാറിംങ് നടത്തിനവീകരിച്ച പൂവ്വം- കല്യാട് റോഡ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചു ജില്ലാ പഞ്ചായത്ത് ഉന്നതതല സംഘം പരിശോധന നടത്തി

മൊക്കാഡം ടാറിംങ് നടത്തിനവീകരിച്ച  പൂവ്വം- കല്യാട് റോഡ്  പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചു 
 ജില്ലാ പഞ്ചായത്ത് ഉന്നതതല സംഘം പരിശോധന നടത്തി







ഇരിട്ടി: ഒരു കോടിയോളം മുടക്കി ജില്ലാ പഞ്ചായത്ത് മൊക്കാഡം ടാറിംങ്ങ് നടത്തി നവീകരിച്ച റോഡിൽ ജല അതോരിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചു. പടിയൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ്   കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത  മഴയിൽ റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്നും കല്ലും മണ്ണുും റോഡിലേക്ക് ഒലിച്ചിറങ്ങി കാൽ നടയാത്രപോലും ദുഷ്‌ക്കരമായ അവസ്ഥയിലായി. സംഭവം വിവാദമായതോടെ റോഡിന്റെ തകർച്ച  വിലയിരുത്താൻ ജില്ലാ പഞ്ചായത്തിന്റെ ഉന്നതതല സംഘം റോഡിൽ പരിശോധന നടത്തി.    
 മൂന്ന് കിലോമീറ്റർ വരുന്ന റോഡ് 2.40 കിലോമീറ്റർ ജില്ലാ പഞ്ചായതത്ത് മൊക്കാഡം റാറിംങ്ങ് നടത്തി വീതി കൂട്ടി നവീകരിച്ചത് അടുത്ത കാലത്താണ്. റോഡിൽ അവശേഷിക്കുന്ന 600 മീറ്റർ ഭാഗം നവീകരിക്കാൻ 37 ലക്ഷം രൂപയും വകയിരുത്തി. ഇതിനിടയിലാണ് ജല അതോരിറ്റി കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും കുഴിയെടുത്തത്. ഇതോടെ 3.50 മീറ്ററിൽ മെക്കാഡം ടാറിംങ്ങ് നടത്തി നവീകരിച്ച റോഡിന്റെ പലഭാഗങ്ങളും വെട്ടിപൊളിച്ചതോടെ  ഇപ്പോൾ റോഡിൽ മൂന്ന് മീറ്റർ പോലും ടാറിംങ്ങ് ഇല്ലാതായി. തകർച്ച വലിയ തോതിലായതോടെ 600 മീറ്റർ നവീകരിക്കാൻ പ്രവ്യത്തി ഏറ്റെടുത്ത കരാറുകാരൻ നിർമ്മാണം ഏറ്റെടുക്കാൻ തെയ്യാറായിട്ടില്ല. റോഡിന്റെ കുഴികളിൽ ഇരു ചക്ര വാഹനങ്ങളും മറ്റും അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമായി മാറി.
 ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിൽ പൂവ്വം കവലയിൽ നിന്നുള്ള 1.400 കിലോമീറ്ററും കല്യാട് ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്ററുമാണ് മെക്കാഡം ചെയ്തത്. പഴശ്ശി പദ്ധതിയിൽ നിന്നും മലയോരത്തെ 14 ഓളം പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകുന്ന പദ്ധതിക്കാണ് പൂവ്വം- കല്യാട് റോഡിൽ വലിയ പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. പൈപ്പിടുന്നതിന് ജലഅതോരിറ്റി അനുമതി വാങ്ങിയിട്ടില്ലെന്നാണ് ജില്ലാ  പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
 ജില്ലാ പഞ്ചായത്തിന്റെ മെയിന്റനസ് ഗ്രാന്റിൽ നിന്നാണ് റോഡിന് പണം വകയിരിത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനുവദിച്ച പണം ലാപ്‌സാകും. ജല അതോരിറ്റിയുടെ പ്രവ്യത്തി കാരണം റോഡിന്റെ തകർച്ച പൂർണ്ണമായതോടെ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കാൻ ആകില്ല. ടാറിംങ് ഇളക്കി പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗം   ജല അതോരിറ്റി പുനസ്ഥാപിക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം പറയുന്നത്.ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് അല്ല ജല അതോരിറ്റിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്റിംങ് കമ്മിററി ചെയർ പേഴ്‌സൺ അഡ്വ. ടി. സരള, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശ്രീധരൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദീപ്തി,അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ മനോജ്കുമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്കുമാർ, പടിയൂർ പഞ്ചായത്ത് ഓവർസിയർ അരുൺ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബെഞ്ചമിൻ സിഹില എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.