പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്


ഇന്ത്യന്‍ സ്പോര്‍ട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് (എമിഇീറല) പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി. ചൊവ്വാഴ്ച ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ആപ്പ് അധികതരുടെ തീരുമാനം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ അവകാശങ്ങള്‍ ഫാന്‍കോഡിനുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ 13 മത്സരങ്ങള്‍ ഇതിനകം തന്നെ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തെ നടുക്കിയ ദീകരാക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ആപ്പില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള എല്ലാ ലിസ്റ്റിംഗുകളും, നടന്നുകൊണ്ടിരിക്കുന്ന സീസണിലെ ഇതിനകം അരങ്ങേറിയ മത്സരങ്ങളുടെ വീഡിയോ ഉള്ളടക്കങ്ങളും നീക്കം ചെയ്തു. അതേസമയം നടപടികളെക്കുറിച്ച് ഫാന്‍കോഡ് ഔദ്യോഗികമായി പ്രസ്താവന നടത്തിയിട്ടില്ല.