കേരളത്തിൽ കുരുമുളക്‌ ഉൽപാദനം 25 ശതമാനം ഒരു വ്യാഴവട്ടത്തിനിടയിൽ കുറഞ്ഞെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ വിപണിയിലെ കുതിച്ചുചാട്ടത്തിന്‌ ഇരട്ടി വേഗം പകർന്നു. ഇന്നലെ ക്വിന്റലിന്‌ 600 രൂപ വർധിച്ച മുളകിന്‌ ഇന്നു വീണ്ടും 600 രൂപ കൂടി ഉയർന്നു. അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ്‌ ചുരുങ്ങി. കുരുമുളകുവില നാലക്കത്തിലേക്കു ഉയരാൻ സാധ്യത തെളിഞ്ഞതായി കർണാടകത്തിലെ വൻകിട തോട്ടങ്ങൾ. ഉൽപന്ന വില ഇതിനകം കൊച്ചി വിപണി വിലയെ മറികടന്ന്‌ കൂർഗ്ഗിലും ചിക്കമംഗലൂരിലും വ്യാപാരം നടന്നതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സംസ്ഥാനത്ത്‌ കുരുമുളക്‌ കിലോ 711‐731ലേക്കു കയറി. കഴിഞ്ഞ വാരം കർണാടകത്തിൽ നിരക്ക്‌ 730ലെത്തിയ വിവരം നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. വിപണി നിയന്ത്രണം വാങ്ങലുകാരിൽനിന്നും വിൽപ്പനക്കാരുടെ കരങ്ങളിലായി. അന്താരാഷ്‌ട്ര വിപണിയിലും കറുത്ത പൊന്നിന്‌ ആവശ്യക്കാരുള്ളത്‌ വിലക്കയറ്റം കൂടുതൽ ശക്തമാക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ മുളക്‌ വില 71,100 രൂപയായി.