ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്

ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്



കോട്ടയം: മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജ് രംഗത്ത്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കുമെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ക്ഷേത്രത്തിന് മുന്നില്‍ച്ചെന്ന് മര്യാദകേട് കാണിച്ചിട്ട് പിന്നെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ. ചിലപ്പോള്‍ അടികിട്ടിയെന്നിരിക്കും, മനസ്സിലായില്ലേ. അതിനകത്ത് ക്രിസ്ത്യാനി, മുസ്‌ലിം, ഹിന്ദു എന്നൊന്നുമില്ല, ജോര്‍ജ് പറഞ്ഞു. മതവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രവര്‍ത്തിച്ചാല്‍ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും. സഹിച്ചോണ്ടാമതി, പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

രണ്ട് മലയാളി വൈദികര്‍ ഉള്‍പ്പെട്ട സംഘത്തിന് നേരെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ജബൽപുരിൽ ആക്രമണമുണ്ടായത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ജബല്‍പുര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ കോര്‍പ്പറേഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.