പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്ന അബ്ദുൾ റഹീം എന്ന ഇംതിയാസിന്റെ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ചാണ് രാജി
മംഗളൂരു : കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള 200-ൽ അധികം കോൺഗ്രസ് മുസ്ലീം നേതാക്കൾ പാർട്ടി ചുമതലകളിൽ നിന്ന് കൂട്ടരാജി വെച്ചു. കമ്മിറ്റിപള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്ന അബ്ദുൾ റഹീം എന്ന ഇംതിയാസിന്റെ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ചാണ് രാജി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ജനറൽ സെക്രട്ടറി എം എസ് മുഹമ്മദ്, ദക്ഷിണ കന്നട ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. മംഗളൂരുവിലെ ഷാദി മഹലിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനം. ബണ്ട്വാളിൽ നടന്ന അബ്ദുൾ റഹീമിന്റെ കൊലപാതകത്തോട് സംസ്ഥാന സർക്കാർ പ്രതികരിച്ച രീതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ യോഗത്തിൽ സംഘർഷവുമുണ്ടായി
കൊലപാതക വിവാദം ആളിക്കത്തുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രശംസിച്ചതിന് ഷാഹുൽ ഹമീദിന് മറ്റ് പാർട്ടി അംഗങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഈ എതിർപ്പിനെത്തുടർന്ന് കടുത്ത സമ്മർദ്ദത്തിൽ അദ്ദേഹം സ്ഥാനമൊഴിയാൻ നിർബന്ധിതനായി. യോഗം പിന്നീട് ചൂടേറിയ വാഗ്വാദങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിമാറുകയായിരുന്നു. തുടർന്ന് ഷാഹുൽ ഹമീദിനൊപ്പം നിരവധി മുസ്ലീം കോർപ്പറേറ്റർമാരും, ജില്ലാ പഞ്ചായത്ത് അംഗങ്ങളും, എട്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കളും രാജിവെച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് മടങ്ങില്ലെന്ന് അവർ പ്രഖ്യാപിച്ചു. അതേസമയം, ഔദ്യോഗികമായി രേഖാമൂലം ആരും രാജിക്കത്തുകൾ സമർപ്പിച്ചിട്ടില്ല. അതേസമയം, ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ നടന്ന അബ്ദുൾ റഹീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച അറിയിച്ചു. സാമുദായിക കലാപം തടയുന്നതിനുള്ള ഒരു ദൗത്യസേനയെ (Communal Violence Prevention Task Force) നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു
മെയ് 26-നാണ് പിക്കപ്പ് ഡ്രൈവറും പ്രാദേശിക പള്ളിയുടെ സെക്രട്ടറിയുമായ ഇംതിയാസിനെ, ബണ്ട്വാൾ താലൂക്കിലെ ഇറാ കോടിക്ക് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. വാഹനം അൺലോഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഒരു മോട്ടോർബൈക്കിൽ വന്ന രണ്ട് അക്രമികൾ വാളുമായി ഇംതിയാസിനെയും അദ്ദേഹത്തിന്റെ കൂട്ടാളി കലന്തറിനെയും ആക്രമിക്കുകയായിരുന്നു. ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, കലന്തറിന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊളത്തമാജലു സ്വദേശിയായ ഇംതിയാസ് സൗത്ത് കാനറ സുന്നി ഫെഡറേഷന്റെ സജീവ അംഗം കൂടിയായിരുന്നു.