
സംസ്ഥാനത്ത് കാലവർഷക്കെടുതി അതിരൂക്ഷം. ഇന്ന് വിവിധ അപകടങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 25 മുതൽ ആരംഭിച്ച മഴയിൽ വൈദ്യുതി വകുപ്പിന് 164 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
വിവിധ ജില്ലകളിലായാണ് ഏഴുപേർ മരിച്ചത്. ആലപ്പുഴ ഹരിപ്പാടിൽ മീൻപിടിത്തത്തിന് പോയ വള്ളിക്കാട് സ്വദേശി സ്റ്റീവ് വള്ളം മറിഞ്ഞ് മരിച്ചു. കായംകുളം കട്ടച്ചിറയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണാണ് അറുപത്തിയാറുകാരനായ പത്മകുമാർ മരിച്ചത്. എറണാകുളം ചെറായിൽ വ്യഴാഴ്ച വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ണൂർ പാട്യത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പാട്യം മുതിയങ്ങയിലെ നളിനിയാണ് മരിച്ചത്. മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഞ്ചച്ചവിടി സ്വദേശി അബ്ദുൾ ബാരിയുടെ മൃതദേഹവും കണ്ടെത്തി. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പ്രദേശവാസിയായ രാജേഷാണ് മരിച്ചത്.
മീൻ പിടിക്കുന്നതിനിടെ കോഴിക്കോട് വടകര മാഹി കനാലിൽ വീണ് കാണാതായ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തി. കാലവർഷം ആരംഭിച്ച് ആറ് ദിവസങ്ങൾക്കകം സംസ്ഥാനം നേരിട്ടത് വലിയ പ്രതിസന്ധിയാണ്. വൈദ്യുതി വകുപ്പിന് മാത്രം 164 കോടി രൂപയുടെ നഷ്ടമുണ്ടായി. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചു.
സംസ്ഥാനത്ത് 2000 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതൽ ക്യാമ്പുകൾ. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്ത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്. വരും ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.