വീട്ജപ്തി ചെയ്തു,മണ്ണഞ്ചേരി സ്വദേശി ബിന്ദുവും കുടുംബവും 20 ദിവസമായി വീട്ടു വരാന്തയിൽ

ആലപ്പുഴ: വീട്ജപ്തി ചെയ്തതോടെ 20 ദിവസമായി ഒരു കുടുംബം വീട്ടു വരാന്തയിൽ കഴിയുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശി ബിന്ദുവിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. പ്രായമായ സുഖമില്ലാത്ത അമ്മ, 13 ഉം ആറും വയസുള്ള രണ്ട് മക്കൾ ഉൾപ്പടെ അഞ്ചംഗ കുടുംബമാണ് വീട്ടു വരാന്തയിൽ കഴിയുന്നത്. വാടകയ്ക്ക് മാറാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഇവർ വീട്ടു വരാന്തയിൽ അഭയം തേടിയത്. മണപ്പുറം ഫിനാൻസിൽ നിന്നാണ് 2021 ഇൽ ബിന്ദു 6 ലക്ഷം രൂപ വീടുപണിക്കായി ലോൺ എടുത്തത്വിദേശത്തു ജോലി ഉള്ളതിനാൽ രണ്ട് വർഷം തിരിച്ചടവ് മുടങ്ങിയില്ല. വിദേശത്തെ ജോലി പോയി നാട്ടിൽ തിരിച്ചെത്തിയതോടെ യാണ് അടവ് മുടങ്ങിയത്.
10 മാസത്തെ തിരിച്ചടവാണ് മുടങ്ങിയത് . പത്ത് വർഷത്തേക്ക് പതിനൊന്നായിരം രൂപയായിരുന്നു മാസ അടവ്. കഴിഞ്ഞ മാസം 28നാണ് വീട് ജപ്തി ചെയ്തത്. കുടിശ്ശിക സഹിതം അടയ്‌ക്കേണ്ടത് ഏഴു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. എംഎല്‍എ ചിത്തരഞ്ജന്‍ ഇടപെട്ടെന്നും പലിശ ഇളവ് ചെയ്ത് നല്‍കാമെന്ന് ധനകാര്യസ്ഥാപനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബിന്ദു പറയുന്നു. എങ്കിലും തിരിച്ചടക്കാനുള്ള പണം മുഴുവനായി എങ്ങിനെ കണ്ടെത്തനാകുമെന്ന് അറിയില്ലെന്നും അവര്‍ക്ക് ആശങ്കയുണ്ട്