കെഎസ്ആർടിസി ബസിൽ എത്തിക്കുന്നത് ആന്‍റണി, കൈമാറുന്നത് ആർക്കെന്ന് അന്വേഷിച്ച് പൊലീസ്; പിടിച്ചത് 23 കുപ്പി മദ്യം


കെഎസ്ആർടിസി ബസിൽ എത്തിക്കുന്നത് ആന്‍റണി, കൈമാറുന്നത് ആർക്കെന്ന് അന്വേഷിച്ച് പൊലീസ്; പിടിച്ചത് 23 കുപ്പി മദ്യം


സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. ബംഗളൂരു കദിരപ്പ റോഡ് ആന്‍റണി ജോണ്‍സണ്‍ (37) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. 

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ആന്‍റണി ജോണ്‍സന്‍റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. കര്‍ണാടക മദ്യം നികുതി വെട്ടിച്ച് കടത്തുന്നതിന് പുറമെ കേരളത്തില്‍ വയനാട്ടിലും സമീപ ജില്ലകളിലും ചില്ലറ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് മദ്യക്കടത്തെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ആന്‍റണി ജോണ്‍സണ്‍ മദ്യം കേരളത്തിലേക്ക് എത്തിച്ച് ആര്‍ക്കാണ് കൈമാറുന്നതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. മുത്തങ്ങ ചെക്‌പോസ്റ്റ് വഴിയുള്ള കടത്ത് കൂടാതെ പുല്‍പ്പള്ളിക്കടുത്ത ബൈരക്കുപ്പ വഴിയും മറ്റു കേരള-കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴിയുമെല്ലാം വില കുറഞ്ഞ കര്‍ണാടക മദ്യം വയനാട്ടിലേക്ക് എത്തിക്കുന്നതായി സൂചനയുണ്ട്. 

ഏറ്റവും തിരക്കേറിയ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി മയക്കുമരുന്ന് കടത്തുന്നത് പരിശോധന ശക്തമാക്കിയപ്പോള്‍ കുറഞ്ഞിരുന്നു. നിരോധിത പുകയില ഉത്പ്പന്നങ്ങളും മുത്തങ്ങ അതിര്‍ത്തി വഴി കടത്താറുണ്ട്. കഴിഞ്ഞ ദിവസം ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ കടത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.