
ദില്ലി: ഇന്ത്യയുമായുള്ള സംഘർഷത്തെ ഹിന്ദു-മുസ്ലീം പ്രശ്നമായി ഉയർത്തിക്കാട്ടാനുള്ള പാകിസ്ഥാന്റെ പ്രചാരണം തുറന്നുകാട്ടിക്കൊണ്ടുള്ള എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. 240 ദശലക്ഷത്തിലധികം അഭിമാനികളായ മുസ്ലീങ്ങൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിരവധി പ്രശസ്തരായ ഇസ്ലാമിക പണ്ഡിതരുണ്ടെന്നും അദ്ദേഹം സൗദി സന്ദർശനത്തിനിടെ പറഞ്ഞു.
പാകിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമാണെന്നും ഇന്ത്യ അങ്ങനെയല്ലെന്നും പാകിസ്ഥാൻ അറബ് ലോകത്തിനും മുസ്ലീം ലോകത്തിനും തെറ്റായ സന്ദേശം നൽകുന്നത് വളരെ നിർഭാഗ്യകരമാണ്. ഇന്ത്യയിൽ ജീവിക്കുന്നു എന്നതിൽ അഭിമാനിക്കുന്ന 240 ദശലക്ഷം ഇന്ത്യൻ മുസ്ലീങ്ങൾ ഉണ്ട്. ലോകത്തിലെ ഏതൊരു പണ്ഡിതനേക്കാളും നമ്മുടെ ഇസ്ലാമിക പണ്ഡിതന്മാർ മികച്ചവരാണ്. അവർക്ക് അറബി ഭാഷ നന്നായി സംസാരിക്കാൻ കഴിയും. ഒരു മുസ്ലീം രാജ്യമായതിനാൽ ഇന്ത്യ തങ്ങളെ വേദനിപ്പിക്കുന്നുവെന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ നിർത്തിയാൽ ദക്ഷിണേഷ്യയിൽ സ്ഥിരത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ആഗോള രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി സൗദി അറേബ്യ സന്ദർശിക്കുന്നതിനിടെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് വേണമെങ്കിൽ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ പൂർണ്ണമായും നശിപ്പിക്കാമായിരുന്നു. പക്ഷേ, മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തത്. ആ പാതയിലൂടെ പോകാൻ ഞങ്ങളെ നിർബന്ധിക്കരുതെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. ഒമ്പത് ഭീകര സംഘടനാ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടു. കൊല്ലപ്പെട്ട ഭീകരർക്കായി നമസ്‌കാരം നയിച്ച വ്യക്തി യുഎസ് ഭീകരനാണെന്നത് ഞെട്ടിച്ചെന്നും ഒവൈസി വ്യക്തമാക്കി. ഭീകരവാദ ഫണ്ടിംഗ് തടയുന്നതിന് പാകിസ്ഥാനെ വീണ്ടും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.