
തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് റെയിൽവെ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയിൽവെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവെ മന്ത്രിയ്ക്ക് കത്തെഴുതി. ഈ സ്‌റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട്, കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ എന്നീ സ്‌റ്റേഷനുകളാണ് അടച്ചുപൂട്ടുന്നത്. നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷനുകളെ ആശ്രയിച്ചിരുന്ന ജീവനക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ ഇതോടെ പ്രതിസന്ധിയിലാകും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞതുകാരണം ഈ സ്‌റ്റേഷനുകളില്‍ നിരവധി ട്രെയിനുകളുടെ സ്‌റ്റോപ്പ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, ഈ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിനാല്‍ ടിക്കറ്റ് വരുമാനം കുറഞ്ഞു. വരുമാനം കുറവെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.
റെയിൽവെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ചെറിയ സ്‌റ്റേഷനുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര നയത്തിന്റെയും കേരളത്തോടുള്ള റെയിൽവെ അവഗണനയുടെയും ഭാഗമാണ് അടച്ചുപൂട്ടലെന്നും മന്ത്രി ആരോപിച്ചു. റെയില്‍വേയ്ക്ക് നല്ല പങ്ക് വരുമാനം നല്‍കുന്ന സംസ്ഥാനത്തിന് പുതിയ പാതകളോ, ട്രെയിനുകളോ അനുവദിക്കാത്ത റെയിൽവെ നിലവിലെ സൗകര്യങ്ങള്‍ വ്യാപകമായി വെട്ടികുറയ്ക്കുകയുമാണ്. രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ഈ സ്‌റ്റേഷനുകള്‍ നിലനിര്‍ത്തുകയും ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടു.