സഹോദരങ്ങൾക്ക് കൂട്ടിരിക്കാൻ അമ്മ നൽകിയത് തോക്ക്, സ്കൂളിൽ വെടിവയ്പിന് പ്ലാനിട്ട് കൗമാരക്കാരൻ, 33കാരി അറസ്റ്റിൽ

സഹോദരങ്ങൾക്ക് കൂട്ടിരിക്കാൻ അമ്മ നൽകിയത് തോക്ക്, സ്കൂളിൽ വെടിവയ്പിന് പ്ലാനിട്ട് കൗമാരക്കാരൻ, 33കാരി അറസ്റ്റിൽ


ടെക്സാസ്: സ്കൂളിൽ വെടിവയ്പ് നടത്താൻ മകന് ആയുധവും വെടിവയ്പിനിടെ ധരിക്കാൻ ടാക്ടിറ്റൽ ഗിയറും വാങ്ങി നൽകിയ അമ്മ അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ മകന് ഇളയ സഹോദരങ്ങൾക്ക് കൂട്ടിരിക്കാൻ വേണ്ടി പ്രേരകമായാണ് 33കാരിയായ അമ്മ അത്യാധുനിക തോക്കുകളും സംരക്ഷണ കവചങ്ങളും വാങ്ങി നൽകിയത്. കൂട്ട ആക്രമണങ്ങളുടെ സാധ്യതകളും സൂചനകളും പതിവായി നൽകിയിരുന്ന വിദ്യാർത്ഥിയേക്കുറിച്ച് അധ്യാപകർ നിരന്തരമായി നൽകിയിരുന്ന മുന്നറിയിപ്പുകൾ അവഗണിച്ച ശേഷമായിരുന്നു അമ്മ ആഷ്ലി പാർഡോയുടെ അശ്രദ്ധമായ നടപടി. 

സ്കൂളിൽ നിന്ന് നൽകിയ കംപ്യൂട്ടറിൽ സ്ഥിരമായി വിവിധ രാജ്യങ്ങളിൽ നടന്ന കൂട്ടക്കൊലകളുടെ വിവരം സ്ഥിരമായി വിദ്യാർത്ഥി തെരയുന്നത് നേരത്തെ അധ്യാപകരുടെ ശ്രദ്ധയിൽ വന്നിരുന്നു. വിദ്യാർത്ഥിയുടെ ബുക്കുകളിലെ വരകളിലും കൂട്ടക്കൊലയും സ്കൂളിലെ ലക്ഷ്യമാക്കിയുള്ള ആക്രമണ സൂചനകളും വ്യക്തമായതോടെ അധ്യാപകർ കുട്ടിയുടെ അമ്മയുമായി ബന്ധപ്പെട്ട് ആശങ്ക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണ സമയത്ത് അണിയാനുള്ള രക്ഷാകവചങ്ങൾ 33കാരി മകന് വാങ്ങി നൽകിയത്. 

ക്ലാസ് മുറിയിൽ ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നാലെ സ്കൂളിൽ നിന്ന് കൌമാരക്കാരനെ പുറത്താക്കിയിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമായി ശരീരത്തിലുണ്ടാക്കിയ മുറിവ് ഭേദമാകാൻ 100 തുന്നിക്കെട്ടലുകൾ വേണ്ടിവന്നുവെന്നാണ് അധ്യാപകർ വിശദമാക്കിയത്. കഴിഞ്ഞ ദിവസം പേരക്കുട്ടി ചുറ്റികയും തോക്കുമുപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽ വന്നതോടെ മുത്തശ്ശിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഒന്നിലധികം തോക്കുകളും ഇവയിലേക്ക് ആവശ്യമായ തിരകളും കൌമാരക്കാരന്റെ കൈവശമുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 

സൈനികർ ഉപയോഗിക്കുന്നതിന് സമാനമായ ഹെൽമറ്റും സുരക്ഷാ കവചങ്ങളുമാണ് അമ്മ കൌമാരക്കാരനായ മകന് വാങ്ങി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഉടൻ തന്നെ താൻ പ്രശസ്തനാവുമെന്ന് കുട്ടി മുത്തശ്ശിയോടും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുത്തശ്ശി കുട്ടിയുടെ മുറി പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഇവർ പൊലീസ് സഹായം തേടിയത്. സ്ഫോടനം നടത്താനുള്ള സജ്ജീകരണങ്ങളുടെ കൌമാരക്കാരന്റെ കൈവശമുണ്ടായിരുന്നു. വെളുത്ത് വർഗക്കാരുടെ മേൽക്കോയ്മ വിശദമാക്കുന്ന തരത്തിലുള്ള എഴുത്തുകളും കൌമാരക്കാരന്റെ മുറിയിലും തോക്കിലും നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

മകന്റെ പ്രവർത്തികളേക്കുറിച്ച് ധാരണയുണ്ടായിട്ടും തടയാൻ ശ്രമിക്കാതിരുന്നതിനും അശ്രദ്ധമായി ആയുധം വാങ്ങി നൽകിയതിനുമാണ് 33കാരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മകന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയും അമ്മ പരിഗണിച്ചില്ലെന്നും പൊലീസ് കുറ്റപത്രത്തിൽ വിശദമാക്കുന്നു. തിങ്കളാഴ്ച സമാന്തര സ്കൂളിൽ കവചങ്ങളോടും സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളോട് കൂടിയാണ് വിദ്യാർത്ഥിയെത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെക്സാസിലെ സാൻ ആന്റോണിയോയിലെ റോഡ്സ് മിഡിൽ സ്കൂളിലാണ് കൌമാരക്കാരൻ അക്രമത്തിന് പദ്ധതിയിട്ടിരുന്നത്.