മലയാളി സഹപ്രവർത്തകന്റെ ചതി, നിയമക്കുരുക്കുകൾ; 33 വർഷമായി നാടണയാൻ കൊതിച്ചിരുന്ന പ്രവാസിക്ക് ഒടുവിൽ വഴി തെളിഞ്ഞു


മലയാളി സഹപ്രവർത്തകന്റെ ചതി, നിയമക്കുരുക്കുകൾ; 33 വർഷമായി നാടണയാൻ കൊതിച്ചിരുന്ന പ്രവാസിക്ക് ഒടുവിൽ വഴി തെളിഞ്ഞു


മലപ്പുറം: നാട്ടിലേക്ക് വരാതെ 33 വർഷം ബഹ്‌റൈനിൽ കാഴ്ച്ചുകൂടിയ  മണികണ്ഠൻ ഒടുവിൽ വീടെത്തിയപ്പോൾ ആനന്ദക്കണ്ണീർ. മലപ്പുറം പുറത്തൂര്‍ സ്വദേശി കട്ടയില്‍ മണികണ്ഠനാണ് കാരുണ്യഹസ്തം പിടിച്ച് നാട്ടിലെത്തിയത്. 1993ലാണ്  മണികണ്ഠൻ ബഹ്റൈനിലെത്തുന്നത്. ടൈലർ വിസയിലാണ് എത്തിയതെങ്കിലും ഒരു സ്വദേശിയുടെ വീട്ടിലെ വേലക്കാരനായാണ് ആദ്യ കുറച്ചു വർഷങ്ങള്‍ കഴിച്ചുകൂട്ടിയത്. പിന്നീട് അതേ സ്‍പോണ്‍സറുടെ വിസയില്‍ പുറത്തും ജോലി ചെയ്തു.

അതിനിടയില്‍ നാട്ടില്‍ പോകാനുള്ള ശ്രമങ്ങളും നടത്തി. എന്നാൽ ആ സമയത്താണ് ബന്ധുവിനെ ജോലി അന്വേഷണാർഥം ബഹ്റൈനിൽ എത്തിക്കുന്നത്. ജോലി തരപ്പെടാതിരുന്ന ബന്ധുവിനെ ഒടുവില്‍ നാട്ടിലേക്ക് അയക്കേണ്ട ബാധ്യതയും മണികണ്ഠനായി. അങ്ങനെ നാട്ടില്‍ പോകാനായി അദ്ദേഹം ഒരുക്കിവെച്ചതെല്ലാം നല്‍കി ബന്ധുവിനെ നാട്ടിലേക്കയച്ചു. മണികണ്ഠന്റെ നാട്ടില്‍ പോകാനുള്ള ആദ്യ ആഗ്രഹം അവിടെ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

പിന്നീടാണ് ഒരു മലയാളി സഹപ്രവർത്തകന്റെ ചതിക്കുഴിയില്‍ അകപ്പെട്ട് മണികണ്ഠന് 3000 ദീനാറിന്റെ നഷ്ടമുണ്ടാകുന്നത്. ആ സമയം സ്‍പോൺസർ വിസ പുതുക്കുന്നതിനായി ഭീമമായ ഒരു തുക ചോദിച്ച സാഹചര്യവുമായിരുന്നു. അവിടെ മുതലാണ് മണികണ്ഠന്റെ ജീവിതം താളം തെറ്റിത്തുടങ്ങുന്നത്. പാസ്‍പോർട്ട് സ്‍പോണ്‍സറുടെ കൈവശമായതിനാല്‍ അത് വിട്ടുനല്‍കാന്‍ അദ്ദേഹവും തയാറായില്ല. പിന്നീട് തൊഴിലുടമ പാസ്‍പോർട്ട് കൈവശം വെയ്ക്കരുതെന്ന നിയമം വന്നതോടെ അദ്ദേഹം പാസ്‍പോർട്ട് ഇന്ത്യൻ എംബസിക്ക് കൈമാറി. അപ്പോഴേക്കും പാസ്‍പോർട്ടിന്റെ കാലാവധിയും കഴിഞ്ഞിരുന്നു. എന്നാല്‍, മണികണ്ഠന് എംബസി പാസ്‍പോർട്ട് പുതുക്കി നല്‍കി. 

ശേഷം മറ്റൊരു വിസയില്‍ മൂന്ന് വർഷം കൂടി മറ്റു ജോലികളുമായി മണികണ്ഠൻ ഇവിടെ താമസിച്ചു. പിന്നീട് വിസക്ക് നല്‍കാൻ പണമില്ലാതെ വന്നതോടെ 2008 മുതല്‍ അനധികൃതമായി താമസം തുടരുകയായിരുന്നു. അതിനിടയില്‍ വീണ്ടും നാട്ടിലേക്ക് പോവാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അപ്പോഴേക്കും പുതുക്കി നല്‍കിയ പാസ്പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. അവിവാഹിതനായ മണികണ്ഠന്റെ മാതാപിതാക്കള്‍ ഇതിനോടകം മരിച്ചിരുന്നു. അവശേഷിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്നായി പിന്നീട് മണികണ്ഠന്റെ ആഗ്രഹം. പലവഴികള്‍ തേടിയെങ്കിലും നിയമക്കുരുക്കുകള്‍ മൂലം സാധിച്ചില്ല.

അതിനിടെയാണ് നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മണികണ്ഠന്റെ അവസ്ഥ ഇദ്ദേഹത്തിന്റെ സുഹൃത്തായ ഗംഗാധരന്‍ വഴി സാമൂഹിക പ്രവര്‍ത്തകനും മലപ്പുറം ജില്ല കെ.എം.സി.സി മുന്‍ ഭാരവാഹിയുമായ റിയാസ് ഓമാനൂരിന്റെ അടുത്തെത്തിയത്. നിയമക്കുരുക്കുകള്‍ ഇല്ലാതാക്കാനുള്ള റിയാസിന്റഎ നിരന്തര ഇടപെടലുകള്‍ക്കുശേഷം ഇന്ത്യന്‍ എംബസിയുടെയും എമിഗ്രേഷൻ വിഭാഗത്തിന്റെയും സഹായത്തോടെ മണികണ്ഠന് നാട്ടിലേക്ക് പോവാനുള്ള ഔട്ട് പാസ് ലഭിക്കുകയായിരുന്നു. ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ അദ്ദേഹത്തിനുള്ള വിമാനടിക്കറ്റ് നല്‍കാൻ സന്നദ്ധരാവുകയും ചെയ്തു.