ബസിന്റെ സെന്റര്‍ ബോള്‍ട്ട് തകര്‍ന്ന് പിൻഭാഗം പാലത്തിലിടിച്ച് നടന്ന അപകടം; ചികിത്സയിലായിരുന്ന 50കാരന് ദാരുണാന്ത്യം

കോഴിക്കോട്: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മദ്ധ്യവയസ്‌കന്‍ മരിച്ചു. നടുവണ്ണൂര്‍ തെരുവത്ത്കടവ് സ്വദേശി വില്ലൂന്നി മലയില്‍ താമസിക്കുന്ന എന്‍എം സുരേന്ദ്രന്‍(50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ രാമന്‍ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബിടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ സെന്റര്‍ ബോള്‍ട്ട് തകര്‍ന്ന് പിറകുവശം റോഡിലെ പാലത്തില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്ക് പറ്റുകയായിരുന്നു.