റെയില്‍വേ കുതിപ്പ് തുടരും; ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്തു

റെയില്‍വേ കുതിപ്പ് തുടരും; ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്തു




ഗാന്ധിനഗര്‍: രാജ്യത്ത് റെയില്‍വേയുടെ ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ്‌ ഓഫ് ചെയ്തു. ഗുജറാത്തില്‍ ദാഹോദിലെ ലോക്കോമോട്ടീവ് നിര്‍മാണ പ്ലാന്റും അദ്ദേഹം രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ലോകോത്തര യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതും ലക്ഷ്യമിട്ടുള്ള ചുവടുവയ്‌പ്പാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി 9,000 എച്ച്പിയുടെ ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കും. റെയില്‍വേയുടെ ചരക്ക് ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്ലാന്റ് പ്രധാന പങ്കുവഹിക്കും. ഊര്‍ജ ഉപഭോഗം കുറയ്‌ക്കുന്നത്തിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്‌ക്കുന്നതിനും ലക്ഷ്യമിട്ടുള്ള റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദാഹോദ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിരവധി റെയില്‍വേ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്ക് പുറമേ വരാവലില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും വല്‍സദ്-ദാഹോദ് എക്‌സ്പ്രസും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു.

ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ എത്തിയത്. ഇന്നലെ രാവിലെ വഡോദരയില്‍ സംഘടിപ്പിച്ച റാലിയിലും അദ്ദേഹം പങ്കെടുത്തു. ഊഷ്മളമായ സ്വീകരണം നല്കിയതിന് വഡോദരയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. നന്ദി വഡോദര, മഹത്തായ ഈ നഗരത്തില്‍ എത്തിയതില്‍ വളരെ സന്തോഷം. റോഡ് ഷോ അതിമനോഹരമായിരുന്നു, അതും അതിരാവിലെ. അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദി, അദ്ദേഹം എക്‌സില്‍
കുറിച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതം നല്കിയ തിരിച്ചടികള്‍ ജനങ്ങളിലേക്കെത്തിച്ച കേണല്‍ സോഫിയ ഖുറേഷിയുടെ കുടുംബവും റാലിയില്‍ പങ്കെടുത്തു.