
ദില്ലി: തുർക്കി സ്ഥാപനങ്ങളുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും നിർത്തിവച്ചതായി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അറിയിച്ചു. പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചത്. നേരത്തെ ജവഹർലാൽ നെഹ്‌റു സർവകലാശാലയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. തുർക്കിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള എല്ലാ ധാരണാപത്രങ്ങളും ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജാമിയ രാഷ്ട്രത്തിനും ഇന്ത്യാ സർക്കാരിനുമൊപ്പം നിലകൊള്ളുന്നുവെന്നും സർവകലാശാല വക്താവ് പ്രൊഫസർ സൈമ സയീദ് എഎൻഐയോട് പറഞ്ഞു.
ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) മലത്യയിലെ ഇനോനു സർവകലാശാലയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജാമിയയും രംഗത്തെത്തിയത്. തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്, അത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് പറഞ്ഞു. 2025 ഫെബ്രുവരി 3 ന് ഒപ്പുവച്ച മെമ്മോറാണ്ടം തുടക്കത്തിൽ 2028 വരെ തുടരാൻ തീരുമാനിച്ചിരുന്നു. നികുതിദായകർ ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയിൽ, ശത്രു രാജ്യങ്ങളുമായി ബന്ധം നിലനിർത്താൻ ജെഎൻയുവിന് കഴിയില്ലെന്ന് പണ്ഡിറ്റ് ഊന്നിപ്പറഞ്ഞു.