
കണ്ണൂര്‍: മലയോരത്ത് വളര്‍ന്ന സാധാരണക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ ചിലർ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിരിക്കുകയാണെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ്. മലയോരത്തു നിന്നുള്ളവരെ എന്നും മാറ്റിനിര്‍ത്തിയിട്ടുള്ള സാംസ്‌കാരികപ്രഭുക്കളാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. താന്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലക്കാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല എന്നും സാംസ്‌കാരിക കേരളത്തിന് ഉണ്ടായിട്ടുള്ളതെന്ന് വിനോയ് തോമസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
''ഞാനുള്‍പ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവര്‍ കരുതിയിരിക്കുന്നു. അവഹേളിക്കുന്നവരേക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാർഗ്ഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയേക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമൻ്റ് കമ്പനികൾക്ക് അറിയില്ലായിരിക്കാം. എന്‍റെ മനസ്സിലെ മാതൃകാരാഷ്ട്രീയ നേതാവ് സണ്ണിജോസഫാണ്. അദ്ദേഹം ആർക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്- വിനോയ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു.