ഭീമന്‍ പാറക്കല്ല് തട്ടി കക്കയം പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍; വൈദ്യുതി ഉത്പാദനം നിലച്ചു


ഭീമന്‍ പാറക്കല്ല് തട്ടി കക്കയം പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍; വൈദ്യുതി ഉത്പാദനം നിലച്ചു


കോഴിക്കോട്: ശക്തമായ മഴയില്‍ ഭീമന്‍ പാറക്കല്ല് ഉരുണ്ടിറങ്ങിയതിനെ തുടര്‍ന്ന് കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ സംഭവിച്ചു. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ട് ഇടിയുടെ ആഘാതത്തില്‍ തകരുകയായിരുന്നു. കഴിഞ്ഞ ദിവസം പകല്‍ പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്.

എബി 12നും 13നും ഇടയിലുള്ള നാല് റോക്കര്‍ സപ്പോര്‍ട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. പൈപ്പ് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബ്ലോക്കിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. നിലവില്‍ കക്കയം പവര്‍ഹൗസില്‍ 100 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം പൂര്‍ണമായി നിലച്ചിട്ടുണ്ട്. 

പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സലീം പറഞ്ഞു. പെന്‍സ്റ്റോക്ക് പൈപ്പ് ബലപ്പെടുത്തിയ ശേഷം മാത്രമേ ഇതിലൂടെ വെള്ളം കടത്തിവിടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.