ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും ഹജ്ജ് ഹൗസ് ശിലാസ്ഥാപനവും ഇന്ന്
കണ്ണൂർ: കണ്ണൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടവും മൾട്ടി പർപ്പസ് ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോപ്ലക്സിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാകും.
കിൻഫ്ര വിമാനത്താവള അതോറിറ്റിക്ക് നൽകുന്ന ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് ഒരുങ്ങുന്നതെന്നും നടപടികൾ വേഗത്തിലായതിൽ സന്തോഷമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ ജനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമുതൽ മട്ടന്നൂർ ബസ്സ്റ്റാൻഡിൽനിന്ന് സൗജന്യ ബസ് സൗകര്യമുണ്ടാകും. 3000-ലധികം ആളുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. 2024-ൽ ഒൻപത് വിമാനസർവീസുകളിലായി 3208 യാത്രക്കാരായിരുന്നു. ഇത്തവണ 28 വിമാനസർവീസുമായി 4929 യാത്രികരാണ് 11 മുതൽ 29 വരെയുള്ള യാത്രയിൽ പുറപ്പെടുന്നത്.
പത്രസമ്മേളനത്തിൽ കെ.കെ.ശൈലജ എംഎൽഎ, പി.പി.മുഹമ്മദ് റാഫി, ശംസുദ്ദീൻ അരിഞ്ചിറ, എൻ.ഷാജിത്ത്, ടി.ഷബ്ന എന്നിവർ സംസാരിച്ചു.