മോഷണക്കേസിന് പിന്നാലെ ഗൾഫിലേക്ക് കടന്നു, തിരിച്ചെത്തി താമസമാക്കിയത് മട്ടന്നൂരിൽ, 8 വർഷത്തിന് ശേഷം അറസ്റ്റ്
ശ്രീകണ്ഠാപുരം: കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവർന്ന കേസിൽ 8 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ശ്രീകണ്ഠാപുരം സ്വദേശി ബൻസീറാണ് അറസ്റ്റിലായത്. മോഷണത്തിന് പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് മുങ്ങിയിരുന്നു. 40കാരനായ ബെൻസീറെ കണ്ണൂർ ടൗൺ സിഐ മഹേഷ് കണ്ടമ്പേത്തും സംഘവുമാണ് പിടികൂടിയത്. 2018 ഫെബ്രുവരി 14ന് താവക്കര സ്കൈ പാലസിന് സമീപത്ത് വച്ചായിരുന്നു സംഭവം. നടന്ന് പോകവുകയായിരുന്ന യുവാവിനെ ബൻസീർ കാറിലേക്ക് ബലമായി കയറ്റി. യുവാവിന്‍റെ ഫോണും 12,000 രൂപയും മോഷ്ടിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷന് സമീപം ഇറക്കിവിട്ടു. കേസ് എടുത്തതിന് പിന്നാലെ ബെൻസീർ ഗൾഫിലേക്ക് കടന്നു.8 വർഷം നാട്ടിലേക്ക് വന്നതേയില്ല. അടുത്തിടെ ഇയാൾ കണ്ണൂരിൽ എത്തിയതായി ടൗൺ പൊലീസിന് വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെൻസീർ മട്ടന്നൂരിൽ താമസിക്കുന്നുണ്ടെന്ന് വ്യക്തമായതും പിടികൂടിയതും
