പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ഉദിത് രാജിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ച് ജയ്‌റാം രമേശ്


പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ഉദിത് രാജിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ച് ജയ്‌റാം രമേശ്


ഡോ. ശശി തരൂര്‍ എംപിക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്‍കിയെന്ന പ്രസ്താവനയില്‍ പാര്‍ട്ടിയില്‍ അമര്‍ഷം. ഡോ. ശശി തരൂരിനെ ബിജെപി വക്താവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ച് ജയ്‌റാം രമേശ്. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പാനമ സന്ദര്‍ശത്തിനിടെയാണ് തരൂരിന്റെ പ്രതികരണം.

മോദി ഭരണത്തിന് മുന്‍പ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോണ്‍?ഗ്രസിന്റെ സുവര്‍ണ ചരിത്രത്തെ തരൂര്‍ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങള്‍ നല്‍കിയ പാര്‍ട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാര്‍ത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. 1965 ല്‍ നിരവധി തവണ പാക്കിസ്ഥാനിലേക്ക് കടന്നുകയറി. 1971 ല്‍ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. പവന്‍ ഖേരയും ഉദിത് രാജിന്റെ പ്രസ്താവനയെ പിന്തുണച്ച് ട്വീറ്റ് ഷെയര്‍ ചെയ്തു.

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ശക്തമായ മറുപടി. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയു എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഡോ ശശി തരൂര്‍ എം പി പറഞ്ഞു. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പനാമ ഒപ്പം ഉണ്ടാകണമെന്ന് ശശിതരൂര്‍ അഭ്യര്‍ഥിച്ചു.