മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് ജാമ്യം

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് ജാമ്യം



മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് ജാമ്യം. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതും പരിഗണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.

പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെ അസ്മ മരിച്ചു. തുടര്‍ന്ന് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.

അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും പറഞ്ഞിരുന്നു. തുടർന്ന് അസ്മയുടെ മാതൃസഹോദരൻ മുഹമ്മദ് കുഞ്ഞ് നൽകിയ പരാതിയിൽ ഏപ്രിൽ ഏഴിന് സിറാജുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു. ഇതുവരെ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളായിരുന്നു സിറാജുദ്ദീനെതിരേ ചുമത്തിയിരുന്നത്.