ദില്ലി: വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കുമോ എന്നതിൽ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങൾ വെളിപ്പെടുത്തി. ധാരണ ലംഘിച്ച പാക് നടപടിയിൽ ഇന്ത്യക്ക് പ്രതിഷേധമുണ്ട്.
ഇന്ന് തുടർ ചർച്ച നടത്താനാണ് ശനിയാഴ്ച രണ്ട് ഡയറക്ടർ ജനറൽമാരും ധാരണയിലെത്തിയത്. വെടിനിറുത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് ഇന്ന് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്ഥാൻ ധാരണ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യ പ്രതിഷേധം ഡിജിഎംഒ തലത്തിൽ അറിയിച്ചു. ഇതിന് പാകിസ്ഥാൻ മറുപടി നല്കിയിട്ടില്ലെന്ന് സേന വൃത്തങ്ങൾ വിശദീകരിച്ചു.
ഇന്നലെ രാത്രിയും ഇന്നു പുലർച്ചെ ഇതുവരെയും അതിർത്തി മേഖല സാധാരണ നിലയിലായിരുന്നു. ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. പഞ്ചാബിൽ സ്ഥിതി ശാന്തമായി തുടരുന്നു. പലയിടങ്ങളിലും,മുൻ കരുതലിൻ്റെ ഭാഗമായി ജനങ്ങൾ ലൈറ്റുകൾ ഓഫ് ചെയ്ത് ബ്ലാക്ക് ഔട്ട് നടപ്പാക്കി. അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കില്ല.